സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണ ജില്ലാതല പരിപാടി ഒക്‌ടോബര്‍ 13 ന് ഷൊര്‍ണൂര്‍ മയില്‍വാഹനം കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. പരിപാടിയുടെ ഭാഗമായുള്ള പൊതുസമ്മേളനം 11.30 ന് അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഒക്‌ടോബര്‍ രണ്ടു മുതല്‍ 16 വരെ പട്ടികജാതി വികസന വകുപ്പ് സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷമായി ആചരിച്ചു വരികയാണ്. എല്ലാവരും ഉന്നതിയിലേക്ക് എന്ന ആശയം മുന്‍നിര്‍ത്തി നടത്തുന്ന പക്ഷാചാരണത്തിന്റെ ഭാഗമായി ലഹരിവിരുദ്ധ ബോധവത്ക്കരണ ക്ലാസുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ ശുചീകരണം, പട്ടികജാതി കോളനികളുടെ ശുചീകരണം, വകുപ്പ് നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ പൂര്‍ത്തീകരണം, പുതിയ പദ്ധതികളുടെ സമാരംഭം എന്നിവയാണ് നടക്കുന്നത്.

പരിപാടിയില്‍ ഷൊര്‍ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.കെ പ്രകാശ് അധ്യക്ഷനാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി എന്നിവര്‍ മുഖ്യാതിഥികളാകും. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പി. സിന്ധു, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.എസ് ശ്രീജ, ഷൊര്‍ണൂര്‍ നഗരസഭ പട്ടികജാതി വികസന ഓഫീസര്‍ എസ്. മനോജ്കുമാര്‍, ജില്ലാ ഉപദേശക സമിതി അംഗം പി. വാസു, നഗരസഭ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുക്കും.