പാലക്കാട് ജില്ലയിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർക്കണമെന്നും അതിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കരാറുകാരും ഒരുമിച്ച് പ്രവർത്തിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച ജലജീവൻ മിഷൻ ജില്ലാതല വിലയിരുത്തൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർപ്പാക്കാനായി ശ്രമിക്കണമെന്നും നിയോജകമണ്ഡല അടിസ്ഥാനത്തിൽ എം.എൽ.എമാർ നിരീക്ഷിച്ചു കൊണ്ട് സൂക്ഷ്മമായ പരിശോധനകൾ നടത്തി തടസങ്ങൾ പരിഹരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ജലജീവൻ മിഷന്റെ പ്രവർത്തനങ്ങൾക്കായി ഓരോ നിയോജകമണ്ഡലത്തിലും ഓരോ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആക്ഷേപങ്ങളും പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ആവശ്യമായ സജ്ജീകരണങ്ങൾ ചെയ്യും.

നവംബർ പകുതിയോടെ ജില്ലയുടെ ചുമതലയുള്ള മന്ത്രി ഇത് സംബന്ധിച്ച് അവലോകന യോഗം നടത്തുന്നതിന് മുൻപ് ആദ്യം പഞ്ചായത്ത് തലത്തിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തണം. ഒക്ടോബർ അവസാനം എം.എൽ.എമാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡല അടിസ്ഥാനത്തിൽ യോഗം ചേർന്ന് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും മന്ത്രി പറഞ്ഞു.

ജലജീവൻ മിഷനുമായി ബന്ധപ്പെട്ട് ജില്ലയിൽ 6,67,000-ഓളം കണക്ഷനുകളാണ് കൊടുക്കാനുള്ളത്. അതിൽ 2,98,000 കണക്ഷനുകൾ കൊടുത്തു കഴിഞ്ഞു. ബാക്കിയുള്ളവ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥ പ്രശ്നങ്ങളും തടസങ്ങൾ മൂലം പ്രതിസന്ധികൾ വന്നാലും അത് അനന്തമായി നീളാതെ അടിയന്തിരമായി പരിഹരിച്ച് മുന്നോട്ടു പോകണം. കരാർ കാലയളവിനുള്ളിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കരാറുകാർ ശ്രദ്ധിക്കണം. അതിന് ആവശ്യമായ സഹകരണം വകുപ്പും ജനപ്രതിനിധികളും നൽകും. ജില്ലാ ഭരണകൂടം ഇതുമായി ബന്ധപ്പെട്ട് ജാഗ്രത പുലർത്തുന്നുണ്ട്. അത് തുടരണമെന്നും രണ്ടുവർഷത്തിനുള്ളിൽ ജില്ലയിലെ ഗ്രാമീണ മേഖലയിലെല്ലാം കുടിവെള്ളമെത്തിക്കാൻ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

ജല ജീവൻ മിഷനുമായി ബന്ധപ്പെട്ട് നിയോജകമണ്ഡല അടിസ്ഥാനത്തിൽ ജില്ലയിലെ പ്രവർത്തനങ്ങളും പ്രശ്നങ്ങളും മന്ത്രി യോഗത്തിൽ ചർച്ച ചെയ്തു.

യോഗത്തിൽ വി.കെ. ശ്രീകണ്ഠൻ എം.പി, എം.എൽ.എമാരായ ഷാഫി പറമ്പിൽ, മുഹമ്മദ് മുഹ്സിൻ, പി. മമ്മിക്കുട്ടി, അഡ്വ. കെ. ശാന്തകുമാരി, പി.പി. സുമോദ്, അഡ്വ. കെ. പ്രേംകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കലക്ടർ മൃൺമയി ജോഷി, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.