തൃശ്ശൂർ ജില്ലയിലെ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി ജലാശയങ്ങളെ മലിനമാക്കുന്നത് തടയുന്നതിനും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം ഫലപ്രദമായി നടപ്പിലാക്കുന്നതിനുമായി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചവർക്ക് പിഴയിട്ടു. 94 ടീമുകളായി തിരിഞ്ഞ് 112 ജലസ്രോതസ്സുകളിൽ പരിശോധന നടത്തി 4000 രൂപ പിഴ ഈടാക്കി. മലിനീകരണം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 35,000 രൂപ പിഴ ചുമത്തി. 16 പേർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

1463 സ്ഥാപനങ്ങളിൽ പരിശോധന നടത്തി 29117 കിലോഗ്രാം നിരോധിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത്. 1,44,850 രൂപ പിഴ ഈടാക്കി. പുനരുപയോഗിക്കാൻ സാധിക്കാത്ത പ്ലാസ്റ്റിക് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 84,351/- രൂപ പിഴ ഈടാക്കുന്നതിന് 113 പേർക്ക് നോട്ടീസ് നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു.

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ, സീനിയർ സൂപ്രണ്ട്, പെർഫോർമൻസ് ഓഡിറ്റ് യൂണിറ്റ് സൂപ്പർവൈസർമാർ, അതാത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ, അസിസ്റ്റന്റ് സെക്രട്ടറിമാർ, ആരോഗ്യവിഭാഗം ജീവനക്കാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാർ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.