കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ഇതുവരെ രണ്ട് ലക്ഷത്തി മുപ്പതിനായിരം ലിറ്റര്‍ വെള്ളം ടാങ്കറുകളിലൂടെ വിതരണം ചെയ്തതായി വാട്ടര്‍ അതോറിറ്റി അറിയിച്ചു. കൊച്ചി കോര്‍പ്പറേഷന്‍, തൃക്കാക്കര, കളമശേരി, ആലുവ, ഏലൂര്‍, മരട് എന്നീ അഞ്ച് മുനിസിപ്പാലിറ്റികള്‍, പതിമൂന്ന് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കായി 437 ദശലക്ഷം ലിറ്റര്‍ വെള്ളം ആലുവയില്‍ നിന്നും വിതരണം ചെയ്തു. ആലുവയിലെ നാല് പ്ലാന്റുകളില്‍ നിന്നും 280 ദശലക്ഷം ലിറ്റര്‍, മരട് പ്ലാന്റില്‍ നിന്നും 82 ദശലക്ഷം ലിറ്റര്‍, ചൊവ്വരയിലെ രണ്ട് പ്ലാന്റുകളില്‍ നിന്നും 75 ദശലക്ഷം ലിറ്റര്‍ എന്നിങ്ങനെയാണ് വിതരണം ചെയ്തത്. മരട് പ്ലാന്റില്‍ നിന്നും മരട് മുനിസിപ്പാലിറ്റി, ചെല്ലാനം, കുമ്പളം, കുമ്പളങ്ങി, പശ്ചിമ കൊച്ചി എന്നിവിടങ്ങളിലേക്കും ചൊവ്വര പ്ലാന്റുകളില്‍ നിന്നും കീഴ്മാട്, എടത്തല, ചൂര്‍ണിക്കര, തൃക്കാക്കരയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കുമാണ് വിതരണം നടക്കുന്നത്.
ചൂണ്ടി, മുപ്പത്തടം ട്രീറ്റ്‌മെന്റ് പ്ലാന്റുകള്‍ നാളെയോടെ പ്രവര്‍ത്തന സജ്ജമാകും. മുപ്പത്തടം പ്ലാന്റ് നേവിയുടെ സഹായത്തോടെയാണ് ശരിയാക്കിക്കൊണ്ടിരിക്കുന്നത്. കൊച്ചി താലൂക്ക് പരിധിയിലെ പള്ളുരുത്തി, ഫോര്‍ട്ട്‌കൊച്ചി, പറവൂര്‍ താലൂക്ക് പരിധിയിലെ വരാപ്പുഴ, പറവൂര്‍, മലയോര പ്രദേശങ്ങളായ മലയാറ്റൂര്‍, പുത്തന്‍കുരിശ്, മഞ്ഞപ്ര, അയ്യമ്പുഴ എന്നീ പ്രദേശങ്ങളിലാണ് നിലവില്‍ കുടിവെള്ള വിതരണത്തിന് പ്രശ്‌നങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്.