കൊച്ചി: പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ തുടങ്ങുകയാണ് കോതമംഗലം.ജീവിതത്തിലേക്ക് പതിയെ പിച്ചവച്ച് തുടങ്ങിയെങ്കിലും വെള്ളം കൊണ്ടുപോയതൊക്കെ ഇനിയും സ്വരുക്കൂട്ടി വയ്ക്കുന്നതെങ്ങനെ എന്ന ആധി യോടെയാണ് പലരും ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നു. വീടുകളിലേക്ക് മാറിയത്. നാല്‍പ്പത്തിരണ്ട് ക്യാമ്പുകളിലായി 1707 കുടുംബങ്ങള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇനി ഏഴ് ക്യാമ്പുകളിലായി നൂറ്റി ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ മാത്രം . വെള്ളം സര്‍വവും കൊണ്ടുപോയവരാണിവര്‍. സാധാരണ ജീവിതത്തിലേക്ക് എന്നു മടങ്ങിവരുമെന്ന് പോലും അറിയാത്തവര്‍. ക്യാമ്പുകളില്‍ നിന്ന് സ്വന്തം വീടുകളുടെ തണലിലേക്ക് മാറാന്‍ കൊതിക്കുകയാണ് അവരോരോരുത്തരും. നേര്യമംഗലം , മണികണ്ഠന്‍ ചാല്‍, പോത്താനിക്കാട് , ഇഞ്ചത്തൊട്ടി ,തങ്കളം , ജവഹര്‍ കോളനി , എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ ഉള്ളത്.
വളരെ വലിയ നാശ നഷ്ടങ്ങളാണ് മഴയും വെള്ളപ്പൊക്കവും കോതമംഗലത്തിന് സമ്മാനിച്ചത്. നേര്യമംഗലത്തിനും സമീപം കാഞ്ഞിര വേലിയില്‍ രണ്ട് പാലങ്ങള്‍ തകര്‍ന്നു. പെരിയാറിന്റെ കൈവഴിയായ ദേവിയാര്‍ പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച കോണ്‍ക്രീറ്റ് പാലവും മണിയന്‍ പാറയിലെ തൂക്കുപാലവും ആണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത് . നേര്യമംഗലത്തിന് സമീപം മണിയന്‍പാറയില്‍ പെരിയാറിന് കുറുകേ നിര്‍മ്മിച്ച തൂക്കുപാലം തകര്‍ന്നത് മൂലം കാഞ്ഞിരം വേലി ഗ്രാമത്തിലെ മുന്നൂറ്റി അന്‍പതോളം കുടുംബങ്ങളായിരുന്നു ഒറ്റപ്പെട്ടത്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് പാലത്തില്‍ കോണ്‍ക്രീറ്റ് ചെയ്ത് രണ്ട് കിലോമീറ്ററോളം നീളത്തില്‍ പ്ലാറ്റ്‌ഫോം നന്നാക്കി യിരുന്നു. ചെറുതോണി അണക്കെട്ട് തുറന്നപ്പോള്‍ ഉണ്ടായ വന്‍കുത്തൊഴുക്കാണ് പാലം തകര്‍ന്ന് വീഴാന്‍ കാരണം .പാലം തകര്‍ന്നത് മൂലം കാഞ്ഞിരം വേലിയിലെ യാത്രാമാര്‍ഗ്ഗം തടസ്സപ്പെടുകയും പുറം ലോകവുമായി ബന്ധപ്പെടാന്‍ ആകാതെ നൂറുകണക്കിന് ജനങ്ങള്‍ ദുരിതത്തിലാകുകയും ചെയ്തു.കോണ്‍ക്രീറ്റ് പാലം തകര്‍ന്ന ഭാഗത്ത് കവുങ്ങ് ചേര്‍ത്ത് വച്ച് താല്‍ക്കാലിക നടപ്പാലം നാട്ടുകാര്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അത് അപകട സാധ്യതയുള്ളതാണ്.
കോതമംഗലത്ത് ഭൂരിഭാഗം റോഡുകളിലും മഴയും വെള്ളപ്പൊക്കവും കാരണം കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.ഇതിന് പുറമെ റോഡുകളില്‍ ചളിയും കയറിയിട്ടുണ്ട്. പലയിടങ്ങളിലും മരങ്ങള്‍ റോഡിലും വീടുകള്‍ക്ക് മുകളിലും തകര്‍ന്ന് വീണിരുന്നു. വെള്ളപ്പൊക്കം മൂലം നിരവധി കൃഷികള്‍ നശിക്കുകയും കെട്ടിടങ്ങള്‍ക്ക് ബലക്ഷയം ഉണ്ടാവുകയും ചെയ്തു.കുട്ടമ്പുഴയിലെയും, പൂയംകുട്ടിയിലെയും,ഇഞ്ചത്തൊട്ടിയിലെയും ജനങ്ങള്‍ രണ്ട് ദിവസം പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെട്ട് കഴിഞ്ഞു. കോതമംഗലം നഗരത്തില്‍ പോസ്റ്റ് ഓഫീസ് ജങ്ങ്ഷനില്‍ ഇരുനില കെട്ടിടം ഇടിഞ്ഞ് വീഴുകയും ചെയ്തു.
ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളില്‍ കല്‍ക്കെട്ടുകള്‍ തകര്‍ന്നിരിക്കുകയാണ്. പലയിടത്തും കല്‍ക്കെട്ടുകള്‍ തകര്‍ന്ന് ഒലിച്ച് പോയി. പാലത്തിന്റെ പണി നടക്കുന്ന പാര്‍ക്കിന്റെ താഴെ ചെളിയും ചേറും അടിഞ്ഞ് കൂടിയിരിക്കുകയാണ്. വലിയ തോതിലാണ് ചെളി അടിഞ്ഞ് കൂടിയിരിക്കുന്നത്. പുഴയോരത്തെ ഏകദേശം രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വീടുകളിലും വെള്ളം കയറിയിരുന്നു. വെള്ളപ്പൊക്കത്തിന് ശേഷം ഡാം സുരക്ഷ ഉന്നത ഉദ്യോഗസ്ഥര്‍ ഭൂതത്താന്‍കെട്ട് ഡാം സന്ദര്‍ശിച്ചിരുന്നു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഭൂതത്താന്‍കെട്ട് ഡാമിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികം ജലം ഒഴുകിയെത്തിയതിനെ തുടര്‍ന്ന് ആശങ്കകള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഇറിഗേഷന്‍ ചീഫ് എഞ്ചിനീയര്‍ ടി.ജി സെന്നിന്റെ നേതൃത്വത്തില്‍ വിദഗ്ദ സംഘം ഡാമില്‍ പരിശോധന നടത്തിയത്. ഡാമിന്റെ ബാരേജിലും നിര്‍മ്മാണം നടന്ന് വരുന്ന പവര്‍ ഹൗസിന്റെ ഷട്ടറുകളും പരിശോധിച്ചു.നിലവിലെ സാഹചര്യത്തില്‍ അണക്കെട്ടിന് കുഴപ്പമൊന്നും സംഭവിച്ചിട്ടില്ലെന്ന് ചീഫ് എഞ്ചിനീയര്‍ വ്യക്തമാക്കി.
മഴക്കെടുതിയില്‍ അകപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി കുടുംബങ്ങള്‍ക്കും ക്യാമ്പ് തുറന്ന് താല്‍ക്കാലിക പുനരധിവാസം ഒരുക്കിയിരുന്നു. രണ്ട് ദിവസം കോതമംഗലം ബസ് സ്റ്റാന്റില്‍ മഴക്കെടുതി മൂലം കുടുങ്ങിപ്പോയ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ഉള്‍പ്പെടുന്ന ഇരുന്നൂറോളം ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് തങ്കളം ഐ.എം.എ ഹാളിലാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
കോതമംഗലം താലൂക്കില്‍ കുട്ടമ്പുഴയിലായിരുന്നു ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ഉണ്ടായിരുന്നത്.നിലവില്‍ കുട്ടമ്പുഴയില്‍ അഞ്ച് ക്യാമ്പുകളാണ് ഉള്ളത്.മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളും കുടുംബശ്രീ വനിതകളും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിലാണ് വീടുകളും പരിസരങ്ങളും വൃത്തിയാക്കുന്ന പ്രര്‍ത്തനങ്ങള്‍ നടന്ന് വരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി പറഞ്ഞു. പ്രളയ ദുരന്തത്തിനിരയായ കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠന്‍ ചാല്‍ സ്വദേശികള്‍ക്കായി ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തുകയുണ്ടായി. ഡോ. വിജയന്‍ നങ്ങേലിയാണ്‌ന് ക്യാമ്പിന് നേതൃത്വം നല്‍കിയത്. ഇത് കൂടാതെ ക്യാമ്പുകളില്‍ ആവശ്യക്കാര്‍ക്ക് വൈദ്യ സഹായവും ലഭ്യമാക്കിയിരുന്നു.മെഡിക്കല്‍ ക്യാമ്പില്‍ കോതമംഗലം എം.എല്‍.എയും പങ്കെടുത്തു.
പ്രളയകെടുതിയില്‍ അകപ്പെട്ട് കുട്ടമ്പുഴ, കീരംപാറ, കവളങ്ങാട്, പല്ലാരിമംഗലം, പോത്താനിക്കാട്, വാരപ്പെട്ടി, നെല്ലിക്കുഴി പഞ്ചായത്തുകളിലേയും കോതമംഗലം നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെയും ആളുകളാണ് ക്യാമ്പില്‍ ഉണ്ടായിരുന്നത്.നാല്‍പ്പത്തി രണ്ട് ക്യാമ്പുകളിലായി 1707 കുടുംബങ്ങളിലെ 6224 പേര്‍ ആയിരുന്നു ഉണ്ടായിരുന്നത്.ഇനി അവസാനിക്കുന്നത് ഏഴ് ക്യാമ്പുകളിലായി നൂറ്റി ഇരുപത്തഞ്ചോളം കുടുംബങ്ങള്‍ ആണെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. രണ്ട് ദിവസത്തിനകം മുഴുവന്‍ ക്യാമ്പുകളും അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം പതിനാലിനാലിനാണ് ക്യാമ്പുകള്‍ ആരംഭിച്ചത്.നാല്‍പ്പത്തിരണ്ട് ക്യാമ്പുകളില്‍ ഉണ്ടായിരുന്ന ഭൂരിഭാഗം പേരും സ്വന്തം വീടുകളിലേക്ക് മടങ്ങി. തീര്‍ത്തും വാസയോഗ്യമല്ലാത്ത വീടുകള്‍ ഉള്ള കുടുംബങ്ങള്‍ മാത്രമാണ് ക്യാമ്പില്‍ അവശേഷിക്കുന്നത് എന്നും എം.എല്‍.എ പറഞ്ഞു. അവര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്യാമ്പില്‍ ഏര്‍പ്പെടുത്തും. പ്രളയത്തില്‍ വന്നിട്ടുള്ള നാശനഷ്ടങ്ങളുടെ കണക്കെടുത്ത് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ റവന്യൂ, കൃഷി, ജലസേചനം, വൈദ്യുതി എന്നീ വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. വിവിധ പഞ്ചായത്തുകളിലെ കുടുംബശ്രീ, എന്‍.എസ്.എസ്, എന്‍.സി.സി, സന്നദ്ധ സംഘടനകള്‍, സേവന പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹായത്തോടെ വീടുകള്‍ ശുചിയാക്കാന്‍ കഴിഞ്ഞതായും അവശേഷിക്കുന്ന വീടുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് എത്രയും വേഗത്തില്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീടുകളിലേക്ക് മടങ്ങാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
പ്രളയകെടുതികളുടെ ഫലമായി മണ്ഡലത്തിലെ പന്ത്രണ്ട് കുടിവെള്ള പദ്ധതികളും നിലച്ചിരുന്നു.ഇതില്‍ ഏഴ് പദ്ധതികള്‍ പുനരാരംഭിച്ചു. അവശേഷിക്കുന്ന അഞ്ച് പദ്ധതികള്‍ രണ്ട് ദിവസത്തിനകം തന്നെ പ്രവര്‍ത്തനക്ഷമമാക്കും. തകരാറിലായിരുന്ന വൈദ്യുതി മുഴുവന്‍ സ്ഥലങ്ങളിലും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. തുടര്‍ച്ചയായ മഴയില്‍ ഒറ്റപ്പെട്ട് പോയ മണ്ഡലത്തിലെ മുഴുവന്‍ ആദിവാസി കോളനികളിലും പതിനഞ്ച് കിലോ അരി അടക്കം അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റിന്റെ വിതരണം ആരംഭിച്ചതായും അടുത്ത ദിവസം തന്നെ ഇത് പൂര്‍ത്തിയാക്കുമെന്നും എം.എല്‍.എ പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ ആളുകളും പങ്കെടുക്കണമെന്നും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക സംഭാവനയായി നല്‍കണമെന്നും അദ്ദേഹം അറിയിച്ചു.