കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ചൂര്‍ണ്ണിക്കര പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ബഡ്‌സ് സ്‌പെഷ്യല്‍ സ്‌കൂള്‍ വൃത്തിയാക്കി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്‌കൂളിന്റെ ലിന്റില്‍ വരെ വെള്ളം കയറിയിരുന്നു. എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി. ഇ ഗീവര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കുടുംബശ്രീ ജില്ലാ മിഷന്‍ അസിസ്റ്റന്റ് കോഡിനേറ്റര്‍മാര്‍, ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജര്‍മാര്‍, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍മാര്‍, ചൂര്‍ണിക്കര സിഡിഎസ് ചെയര്‍പേഴ്‌സണ്‍ , അക്കൗണ്ടന്റ്, സ്‌നേഹിത ടീമംഗങ്ങള്‍, ബഡ്‌സ് സ്‌കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള പുസ്തകങ്ങള്‍, കമ്പ്യൂട്ടര്‍, വൈകല്യമുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക കസേരകള്‍, ഫ്രിഡ്ജ്, യൂണിഫോം തുണികള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ വെള്ളപ്പൊക്കത്തില്‍ നശിച്ചു. വൃത്തിയാക്കുന്നതിനിടയില്‍ നാല് പാമ്പുകളെയും കെട്ടിടത്തില്‍ നിന്ന് കിട്ടി. ഇരുപത് ഉദ്യോഗസ്ഥരുടെ നാലുമണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് സ്‌കൂള്‍ വൃത്തിയാക്കിയത്.