ആവാസ വ്യവസ്ഥയെയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കയര്‍ ഭൂവസ്ത്ര വിതാനം പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കാനൊരുങ്ങി ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി കയര്‍ ഭൂവസ്ത്ര വിതാനം പദ്ധതി വ്യാപിക്കുന്നതിന് കയര്‍ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കൃത്രിമ നാരുകളുടെ അമിത ഉപയോഗം മൂലം സന്തുലിതാവസ്ഥ നഷ്ടപ്പെട്ട പ്രകൃതിയെ കയര്‍ ഭൂവസ്ത്രത്തിന്റെ ഉപയോഗത്തിലൂടെ സംരക്ഷിച്ച് നിലനിര്‍ത്തുന്നതിനായി സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് കയര്‍ ഭൂവസ്ത്ര വിതാനം. വെള്ളത്തിന്റെ ഒഴുക്കിന്റെ വേഗത കുറച്ചു മണ്ണൊലിപ്പ് തടയുന്നതിനും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തി അന്തരീക്ഷത്തിലെ താപനില കുറയ്ക്കുന്നതിനും തോടുകള്‍, കുളങ്ങള്‍, നീര്‍ച്ചാലുകള്‍ എന്നിവയുടെ തീര സംരക്ഷണത്തിനും മറ്റും കയര്‍ ഭൂവസ്ത്രം ഉപയോഗിച്ചുവരുന്നുണ്ട്. കൂടാതെ കയര്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രാദേശിക വിപണയില്‍ കൂടുതല്‍ കയര്‍ വില്‍ക്കാന്‍ സാധിക്കുമെന്നതും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നതും പദ്ധതിയുടെ മറ്റൊരു നേട്ടമാണ്.

‘തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര വിതാന സാധ്യതകളും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറില്‍ കേരള സ്റ്റേറ്റ് കയര്‍ കോര്‍പറേഷന്‍ സെയില്‍സ് മാനേജര്‍ അരുണ്‍ ചന്ദ്രന്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് ഇടുക്കി ബ്ലോക്കിന് പരിധിയില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്ര വിരിക്കുന്ന പ്രവൃത്തി ഏറ്റെടുത്തു നടത്തിയ മരിയാപുരം, വാഴത്തോപ്പ്, അറക്കുളം ഗ്രാമപഞ്ചായത്തുകളെ ആദരിച്ചു.