ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ഒഫ്താല്‍മിക് യൂണിറ്റ്, ആരോഗ്യകേരളം, ഇടുക്കി മെഡിക്കല്‍ കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഇടുക്കി മെഡിക്കല്‍ കോളേജ് അക്കാദമിക് ബോക്കില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സത്യന്‍ അധ്യക്ഷത വഹിച്ചു.

നേത്രാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനും അന്ധത, കാഴ്ചാവൈകല്യങ്ങള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമായാണ് ലോകമെമ്പാടും കാഴ്ചാ ദിനം ആചരിക്കുന്നത്. നിങ്ങളുടെ കണ്ണുകളെ സ്നേഹിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഇന്‍ ചാര്‍ജ് ഡോ. സുരേഷ് വര്‍ഗീസ് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുവായ നേത്ര രോഗങ്ങളെക്കുറിച്ചും കുട്ടികളില്‍ ഉണ്ടാകുന്ന കാഴ്ച വൈകല്യങ്ങളും അവ തടയുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ഇടുക്കി മെഡിക്കല്‍ കോളേജ് ഓഫ്താല്‍മോളജിസ്റ്റ് ഡോ. സപ്ന ശശിധരന്‍ ബോധവത്കരണ ക്ലാസ്സ് നയിച്ചു. തുടര്‍ന്ന് നഴ്സിംഗ് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും കലാപരിപാടികളും അരങ്ങേറി.