• 6 മീറ്ററലധികം മണ്ണെടുക്കാൻ ദുരന്ത നിവാരണ അതോറിറ്റി അനുമതി വാങ്ങണം
  • ഓരോ മൂന്ന് മീറ്റററിനും 1.5 മീറ്റര്‍ ബെഞ്ച് കട്ടിങ് വേണം

ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ പരിഗണിച്ചും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ്ങ് തുടങ്ങിയ ദുരന്ത സാധ്യതകള്‍ കണക്കിലെടുത്തും മണ്ണെടുക്കുന്നതിന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഉത്തരവായി. ജില്ലയില്‍ ഏത് തരത്തിലുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ക്കും മൂന്ന് മീറ്ററില്‍ താഴ്ചയിലോ ഉയരത്തിലോ മണ്ണ് നീക്കം ചെയ്യുമ്പോള്‍ ഓരോ മൂന്ന് മീറ്ററിനും 1.5 മീറ്റര്‍ ബെഞ്ച് കട്ടിങ് നിര്‍ബസമാക്കി. തൊട്ടടുത്ത കൈവശ ഭൂമിയുടെ അതിരില്‍ നിന്നും 2 മീറ്റര്‍ അകലം നിര്‍ബന്ധമായും പാലിച്ചിരിക്കണം. ദുരന്ത സാധ്യതാ പ്രദേശങ്ങളായി കണ്ടെത്തിയിട്ടുള്ളതും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമായ പ്രദേശങ്ങളില്‍ കെട്ടിട നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുമ്പോള്‍ മൂന്ന് മീറ്റര്‍ ഉയരത്തിന് 2 മീറ്റര്‍ സ്റ്റെപ്പ് കട്ടിങ്ങ് എടുത്തിരിക്കണം. 6 മീറ്ററിലധികം ആകെ ഉയരത്തിലോ താഴ്ചയിലോ മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി നിര്‍ബന്ധമാണ്. മൂന്ന് മീറ്ററില്‍ കുറവ് ഉയരത്തിലോ താഴ്ചയിലോ മണ്ണെടുക്കുമ്പോഴും അതിര്‍ത്തിയില്‍ നിന്നും 1.5 മീറ്റര്‍ അകലം പാലിക്കാന്‍ കഴിയാത്ത പ്രത്യേക സാഹചര്യത്തില്‍ മണ്ണ് നീക്കം ചെയ്ത ഭാഗത്ത് സുരക്ഷാ ഭിത്തി നിര്‍മ്മിക്കേണ്ടതാണ്.

കെട്ടിട നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്യുന്നത് ജില്ലാ ദുരന്തനിാവരണ അതോറിറ്റിയുടെ ഉത്തരവിലെ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചായിരിക്കണം. അംഗീകൃത എഞ്ചിനീയര്‍നമാര്‍ സൂപ്പര്‍വൈസര്‍മാര്‍ സ്ഥല പരിശോധന നടത്തി ഇക്കാര്യങ്ങള്‍ ഉറപ്പ് വരുത്തി സാക്ഷ്യപ്പെടുത്തണം. നിബന്ധനങ്ങള്‍ പാലിച്ച സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ഗ്രാമപഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാര്‍ ഭൂവികസന, കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകള്‍ അനുവദിക്കണം. ദുരന്ത സാധ്യതകള്‍ സ്ഥിരമായി ഒഴിവാക്കുന്നതിനുള്ള ശാസ്ത്രീയമായ സുരക്ഷാഭിത്തി നിര്‍മ്മാണം തുടങ്ങിയ ക്രമീകരണങ്ങള്‍ ഈ സാഹചര്യങ്ങള്‍ നിലവിലുള്ള പ്രദേശങ്ങളില്‍ പാലിച്ചിരിക്കണം. മാനദണ്ഢങ്ങള്‍ പാലിക്കാത്ത കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കരുത്. നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പെര്‍മിറ്റുകള്‍ റദ്ദ് ചെയ്യുന്നതിനും തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കണം.

നിലവില്‍ അനുമതി നല്‍കിയതും കെട്ടിട നിര്‍മ്മാണം തുടങ്ങിയിട്ടില്ലാത്തതുമായ കേസുകളിലും ബെഞ്ച് കട്ടിങ്ങ് നിര്‍ബന്ധമാക്കിയ ഉത്തരവ് ബാധകമാണ്. മണ്ണെടുക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധനകള്‍ പാലിച്ചാണ് അംഗീകൃത എഞ്ചിനീയര്‍മാര്‍ സൂപ്പര്‍വൈസര്‍മാര്‍ ബില്‍ഡിങ് പ്ലാനുകള്‍ സമര്‍പ്പിക്കുന്നതെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറുമാര്‍ ഉറപ്പുവരുത്തേണ്ടതാണ്. മിനറല്‍ ട്രാന്‍സിറ്റ് പാസ്സിനുവേണ്ടിയുള്ള അപേക്ഷകളില്‍ മണ്ണ് നീക്കം ചെയ്യുന്നത് ഉത്തരവ് പ്രകാരമുള്ള വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടെന്ന് ജിയോജിസ്റ്റ് ഉറപ്പുവരുത്തണം. മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് എല്ലാ ചട്ടങ്ങളും നിയമങ്ങളും പാലിച്ചിട്ടുണ്ടെന്ന് അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.