അവകാശം അതിവേഗം കാമ്പയിനിലൂടെ ജില്ലയിലെ അതിദരിദ്രര്‍ക്ക് ആവശ്യമായ എല്ലാ രേഖകളും ഈ മാസം 22നു മുന്‍പായി നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു.  അതി ദാരിദ്ര്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാതല സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അവകാശ രേഖകള്‍ ഇല്ലാത്ത അതിദരിദ്രര്‍ ആരും സംസ്ഥാനത്ത് അവശേഷിക്കുന്നില്ലെന്ന പ്രഖ്യാപനം നവംബര്‍ ആദ്യ വാരത്തില്‍ നടത്തുവാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി ജില്ലാതലത്തില്‍ ഈ മാസം 22ന് മുമ്പ് തന്നെ അവകാശം അതിവേഗം സംഘടിത പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായായിരുന്നു യോഗം. ഇവര്‍ക്ക് ആവശ്യമായ രേഖകള്‍ നല്‍കുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും,  കുടുംബശ്രീ പ്രവര്‍ത്തകരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതി ദരിദ്ര്യരില്ലാത്ത ആദ്യ സംസ്ഥാനമായി കേരളത്തെ മാറ്റുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് കാമ്പയിന്‍ നടത്തുന്നത്. ഇതിനോടകം തന്നെ ജില്ലയിലെ തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അതിദാരിദ്ര്യ നിര്‍ണയ പ്രക്രിയ സമയബന്ധിതമായി  പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഒരു പൗരന്റെ അടിസ്ഥാന അവകാശ രേഖകള്‍ ആയ റേഷന്‍ കാര്‍ഡ്,  ആധാര്‍ കാര്‍ഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ പോലുമില്ലാത്തവരെ   സമൂഹത്തിന് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് ഈ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

അവകാശം അതിവേഗം എന്ന പേരില്‍ വിപുലമായ സംഘടിത പരിപാടി സംഘടിപ്പിച്ച് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അതിദാരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ആവശ്യമായ രേഖകളും സേവനങ്ങളുമായ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്,  തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്,  തൊഴിലുറപ്പുകാര്‍ഡ്, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ട അംഗത്വം തുടങ്ങിയവ ലഭ്യമാക്കും.  കൂടാതെ ഇവര്‍ക്ക് അവകാശ രേഖകള്‍ ലഭ്യമാക്കിയിട്ടുണ്ട് എന്നുള്ള പ്രഖ്യാപനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നിര്‍വഹിക്കുകയും ചെയ്യും.