വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ആറന്മുള ഗ്രാമപഞ്ചായത്തില്‍ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി ടോജി ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പട്ടിണി പൂര്‍ണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ഒരു നേരത്തെ ഭക്ഷണം സൗജന്യനിരക്കില്‍ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയാണ് വിശപ്പ് രഹിതകേരളം. ഇതിന്റെ ജനകീയ ഹോട്ടലില്‍ നിന്ന് 20 രൂപ നിരക്കില്‍ പൊതുജനങ്ങള്‍ക്ക് ഉച്ച ഊണ് ലഭ്യമാകും. മറ്റ് സ്‌പെഷ്യല്‍ വിഭവങ്ങളും വിലക്കുറവില്‍ ലഭിക്കും. ഊണ് പാഴ്സലിന് 25 രൂപയാണ്. കിടപ്പ് രോഗികള്‍ക്കുള്‍പ്പെടെ ഉച്ചഭക്ഷണം എത്തിക്കുന്നതും പദ്ധതിയുടെ ഭാഗമാണ്. ഓരോ ഊണിനും നടത്തിപ്പുകാര്‍ക്ക് അഞ്ച് രൂപ സബ്സിഡിയായി സര്‍ക്കാര്‍ നല്‍കും. ആറന്മുള ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടിലാണ് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍, സ്ഥിരം സമിതി അധ്യക്ഷ രമാദേവി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സോമവല്ലി, അസി. സെക്രട്ടറി ശ്രീലേഖ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.