നിര്‍മ്മല ഗ്രാമം നിര്‍മ്മല നഗരം നിര്‍മ്മല ജില്ലയുടെ ഭാഗമായുള്ള ശുചിത്വ സര്‍വേ നവംബര്‍ ഒന്നിന് ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. കളക്ടറേറ്റില്‍ നടത്തിയ ജില്ലാ ശുചിത്വ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. ജില്ലയുടെ ശുചിത്വ സ്ഥിതിവിവരണ കണക്ക് ലഭ്യമാക്കുന്നതിനാണ് സര്‍വേ നടത്തുന്നത്. നവംബര്‍ ഒന്നുമുതല്‍ ഏഴുവരെയാണ് ജില്ലയില്‍ സര്‍വേ നടത്തുക. ഡിജിറ്റല്‍ സര്‍വേയാണ് നടത്തുക. വിശദമായ വിവരശേഖരണം നടത്തി പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ മാത്രമേ സമ്പൂര്‍ണ ശുചിത്വ പദ്ധതി പൂര്‍ണമാവുകയുള്ളു. അതിന്റെ ഭാഗമായാണ് സര്‍വേ നടത്തുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തില്‍ നടക്കുന്ന വിവരശേരണ സര്‍വേ ജില്ലാതല ശുചിത്വ കൗണ്‍സില്‍ പരിശോധിക്കും. ശുചിത്വ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ജില്ലാ തല പരിശീലനവും നടത്തും. സര്‍വേയുടെ മേല്‍നോട്ടം റിസോഴ്സ് പേഴ്സണിനാണ്. ഒക്ടോബര്‍ 25, 26 തീയതികളില്‍ ജില്ലാ റിസോഴ്സ് പേഴ്സണ്‍മാര്‍ക്കുള്ള പരിശീലനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. സര്‍വേക്കായി പ്രത്യേകം സോഫ്ട്വെയര്‍ നിര്‍മിക്കും. സര്‍വേ സമയബന്ധിതമായി പൂര്‍ത്തിയാക്കും. സര്‍വേയോടൊപ്പം ശുചിത്വവുമായി ബന്ധപ്പെട്ട ലഘുലേഖകളും വിതരണം ചെയ്യും. സോഫ്ട്വെയര്‍ തയാറാക്കല്‍, ലഘുലേഖ തയാറാക്കല്‍ എന്നിവയ്ക്ക് കണ്‍വീനറിനെ ചുമതലപ്പെടുത്തി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ക്ലീന്‍ കേരള കമ്പനിയുമായി ബന്ധപ്പെട്ട് നിലവിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കൃത്യവും വസ്തുനിഷ്ടവുമായി വേണം സര്‍വേ നടത്തേണ്ടതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശുചിത്വ പ്രവര്‍ത്തനത്തിലേക്ക് കടക്കുമ്പോള്‍ പ്രായോഗികതലത്തില്‍ ചെയ്യേണ്ട കാര്യങ്ങളില്‍ വ്യക്തത വരുത്തി മുന്‍പോട്ടു പോകണം. സര്‍വേ ഭാവിയിലും പ്രയോജനപ്പെടുന്ന വിധമാവണം പൂര്‍ത്തീകരിക്കേണ്ടത്. സര്‍വേ വീടുകളിലും സ്ഥാപനങ്ങളിലും മാത്രമല്ല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടത്തണമെന്നും കളക്ടര്‍ പറഞ്ഞു. എഡിഎം ബി. രാധാകൃഷ്ണന്‍, നവകേരളം കര്‍മ്മപദ്ധതി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍, ശുചിത്വ കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.