അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി പാലക്കാട് താലൂക്ക് പരിധിയിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി ജില്ലാ പഞ്ചായത്ത് ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. പാലക്കാട് എല്‍.ആര്‍ തഹസില്‍ദാരും ഇന്‍സിഡന്റല്‍ കമാന്‍ഡറുമായ വി. സുധാകരന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ജീവന്‍ രക്ഷിക്കാന്‍ പ്രഥമ ശുശ്രൂഷ എന്ന വിഷയത്തില്‍ ജില്ലാ ആശുപത്രി ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ സി. അജിത് കുമാര്‍ ക്ലാസെടുത്തു. ബോധരഹിതനായി വീണുകിടക്കുന്ന ഒരാളെ രക്ഷിക്കാന്‍ ആദ്യം നെഞ്ചിന്റെ നടുഭാഗത്ത് മുപ്പത് തവണ അമര്‍ത്തണം. തുടര്‍ന്ന് കൃത്രിമ ശ്വാസോച്ഛാസം നല്‍കണം. എന്നിട്ടും പള്‍സ് വന്നില്ലെങ്കില്‍ ഇത് തുടരണമെന്നും അദ്ദേഹം പറഞ്ഞു. ശേഷം എത്രയും പെട്ടെന്ന് തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കണം. രക്തം വാര്‍ന്നു പോയിട്ടുണ്ടെങ്കില്‍ തുണിയോ തോര്‍ത്തോ ഉപയോഗിച്ച് പെട്ടെന്ന് തന്നെ അത് നന്നായി കെട്ടാന്‍ ശ്രമിക്കണമെന്നും ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അപകടത്തില്‍പ്പെട്ടയാളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ മൂന്ന്, നാല് പേര്‍ ചേര്‍ന്ന് കഴുത്ത് നേരെയാക്കി വലതു കൈ പൊന്തിച്ച് ഇടതു കൈ എതിരെ വെച്ച് വലതുവശത്തേക്ക് ചരിച്ചു കിടത്തിയില്ലെങ്കില്‍ നട്ടെല്ലിന് ക്ഷതം സംഭവിക്കാം. ഇത് പ്രത്യേകം ശ്രദ്ധിക്കണം.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുമ്പോള്‍ ചുമച്ചാല്‍ വലിയ ഭയമില്ല. പക്ഷേ തുടര്‍ന്നും ബുദ്ധിമുട്ടുണ്ടെങ്കില്‍  ഇടതു കൈകൊണ്ട് വട്ടം ചുറ്റി പിടിച്ച നടു നിവര്‍ത്തി വലത് മുഷ്ടി ചുരുട്ടി നെഞ്ചിന് താഴെ അഞ്ചുവട്ടം അമര്‍ത്തുകയും പുറത്ത് പതുക്കെ അടിക്കുകയും ചെയ്യണം. ഇത് വിജയകരമാണെങ്കില്‍ കുഴഞ്ഞുവീഴും അല്ലെങ്കില്‍ ഭക്ഷണം തുപ്പും. പരിപാടിയില്‍ സന്നദ്ധ പ്രവര്‍ത്തകരായ കെ. മുരുകേശന്‍, എസ്. സുമേഷ് എന്നിവരില്‍ മോക്ക് ടെസ്റ്റും നടത്തി. ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം ഡോ. സി. അജിത്കുമാര്‍, ഡോ: എസ്. ധന്യ നൂറോളം സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.