‘സ്നേഹിക്കൂ നിങ്ങളുടെ കണ്ണുകളെ’ എന്ന സന്ദേശവുമായി ലോക കാഴ്ച ദിനത്തിൽ കലക്ട്രേറ്റ് ജീവനക്കാർക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ഭാരതീയ ചികിത്സാ വകുപ്പും നാഷണൽ ആയുഷ് മിഷനും. കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ക്യാമ്പിൽ വിവിധ വകുപ്പുകളിൽ നിന്നായി 160 ജീവനക്കാർ ഭാഗമായി. ജീവനക്കാരുടെ കാഴ്ചശക്തി, കണ്ണിലെ മർദ്ദം എന്നിവ ക്യാമ്പിൽ പരിശോധിച്ചു.

കാഴ്ച സംരക്ഷണത്തിന് ആയുർവേദ സാധ്യതകൾ കൂടി ഉപയോഗിക്കുന്നതിന് കേരളത്തിലെ ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ദൃഷ്ടി പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.സിവിൽ സ്റ്റേഷനിലും പരിസരത്തുമുള്ള ജീവനക്കാരാണ് ക്യാമ്പിൽ പങ്കെടുത്തത്. ചടങ്ങിന്റെ ഉദ്ഘാടനം എഡിഎം റെജി പി ജോസഫ് നിർവഹിച്ചു. വകുപ്പിന്റെ ഉദ്യമം മാതൃകാപരമാണെന്നും ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ആയുഷ് മിഷൻ ഡി പി എം ഡോ.എം എസ് നൗഷാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.