ലോക കാഴ്ച്ച ദിനാചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും സെമിനാറും ബത്തേരി അസംപ്ഷന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ബത്തേരി മുനിസിപ്പല്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സന്‍ എല്‍സി പൗലോസ് നിര്‍വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ശാമില ജുനൈസ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പ്രിയ സേനന്‍ മുഖ്യ പ്രഭാഷണം നടത്തി. ഒപ്റ്റോമെറ്റ്റിസ്റ്റ് വാണി ഷാജു ക്ലാസ്സെടുത്തു. വയോജനങ്ങള്‍ക്കായി സൗജന്യ നേത്ര പരിശോധന ക്യാമ്പും ദന്ത പരിശോധന ക്യാമ്പും ജീവിത ശൈലി രോഗ നിയന്ത്രണ ക്യാമ്പും സംഘടിപ്പിച്ചു.
നഴ്സിംഗ് കോളേജ് പ്രിന്‍സിപ്പല്‍ എസ്. സ്മിത, ഐ ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഇ.സി.കെ രമേശ്, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എം. ഷാജി, ഓഫ്ത്താല്‍മിക് കോര്‍ഡിനേറ്റര്‍ ബിന്ദു വി സിദ്ധീഖ്, പാലിയേറ്റീവ് കോര്‍ഡിനേറ്റര്‍ സ്മിത, സീനിയര്‍ സിറ്റിസണ്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് വാസുദേവന്‍ നായര്‍, ഷക്കീറ സുമയ്യ എന്നിവര്‍ സംസാരിച്ചു.
എല്ലാവര്‍ഷവും ഒക്ടോബര്‍ രണ്ടാമത്തെ വ്യാഴായ്ച്ചയാണ് ലോക കാഴ്ച്ച ദിനമായി ആചരിക്കുന്നത്. നേത്ര രോഗങ്ങള്‍ മുന്‍കൂട്ടി കണ്ടുപിടിച്ച് അതുമൂലമുള്ള അന്ധത ഇല്ലാതാക്കുന്നതിന് പൊതു സമൂഹത്തെ പ്രാപ്തമാക്കുന്നതിന് ബോധവല്‍ക്കരണ പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് ഈ ദിനാചാരണം കൊണ്ട് ഉദ്ദേശിക്കുന്നത്. തിമിരം, ഗ്ലോക്കോമ, നേത്രപടല രോഗങ്ങള്‍ തുടങ്ങിയവ നേരത്തെ കണ്ടുപിടിക്കുന്നതിനായി സൗജന്യ നേത്ര പരിശോധന ക്യാമ്പുകള്‍ ഈ ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് ഡോ. പി. ദിനീഷ് അറിയിച്ചു.