സംസ്ഥാന എക്സൈസ് വകുപ്പിലെ ജീവനക്കാരുടെ കലാ-കായിക കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന 15-മത് സംസ്ഥാന എക്സൈസ് കലാ-കായിക മേള നവംബർ 10,11,12 തീയതികളിൽ പാലക്കാട് നടത്തും. നവംബർ 11 രാവിലെ 8.30ന് ഗവ. വിക്ടോറിയ കോളെജിൽ എക്‌സൈസ്-തൊഴിൽ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ കലാ-കായികമേള ഉദ്ഘാടനം ചെയ്യും. ഗവ.വിക്ടോറിയ കോളെജ് മൈതാനം, ഓഡിറ്റോറിയങ്ങൾ, കോട്ടമൈതാനം, ടൗൺ സ്‌ക്വയർ ക്‌ളബ്, മാധവ രാജ ക്ലബ്ബ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ജില്ലാ ആസ്ഥാനങ്ങളിലെ എക്സൈസ് ഓഫീസുകൾ ഏകോപിപ്പിക്കുന്നതിനായി ആവിഷ്‌ക്കരിച്ച എക്സൈസ് ടവർ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ നിർമിക്കുന്ന എക്സൈസ് ടവറിന്റെ ശിലാസ്ഥാപനവും മന്ത്രി നിർവഹിക്കും. ഷാഫി പറമ്പിൽ എം.എൽ.എ. അധ്യക്ഷനാവുന്ന പരിപാടിയിൽ എം.ബി. രാജേഷ് എം.പി. മുഖ്യാതിഥിയാവും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, നഗരസഭാ ചെയർപേഴ്സൺ പ്രമീളാ ശശിധരൻ, ജില്ലാ കലക്റ്റർ ഡോ: പി. സുരേഷ് ബാബു, എക്സൈസ് കമ്മീഷനർ ഋഷിരാജ് സിങ്, ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാർ, ജില്ലാ സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റ്റി.എൻ. കണ്ടമുത്തൻ, ഒളിംപ്യൻ എം.ഡി. വത്സമ്മ, ഡെപ്യുട്ടി എക്സൈസ് കമ്മീഷനർ മാത്യൂസ് ജോൺ, എക്സൈസ് ഉദ്യോഗസ്ഥർ പങ്കെടുക്കും.സ്‌പോർട്‌സ് ഓഫീസർ ജി.ചന്തു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിപാടിയുടെ സമാപന സമ്മേളനം 12ന് വൈകിട്ട് മൂന്നിന് ഗവ. വിക്ടോറിയ കോളെജിൽ പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലൻ ഉദ്ഘാനം ചെയ്യും. കെ.ബാബു എം.എൽ.എ. മുഖ്യാതിഥിയാവും.