തൃത്താല നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന ‘സുസ്ഥിര തൃത്താല’- ജനകീയ വികസന പദ്ധതിയുടെ പദ്ധതിരേഖ പ്രകാശനവും വെബ്‌പോര്‍ട്ടല്‍ പരിചയപ്പെടുത്തലും ഒക്‌ടോബര്‍ 22 ന് രാവിലെ 10.30ന് തൃത്താല കെ.എം.കെ ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി റജീന അധ്യക്ഷയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി എന്നിവര്‍ മുഖ്യാതിഥികളാവും. സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നവകേരളം കര്‍മ്മ പദ്ധതിയുമായി സഹകരിച്ചാണ് സുസ്ഥിര തൃത്താല പദ്ധതി രേഖ പ്രകാശനവും വെബ്‌പോര്‍ട്ടല്‍ പരിചയപ്പെടുത്തലും നടത്തുന്നത്.

മണ്ണ്, ജലം, കൃഷി, ശുചിത്വം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് തൃത്താല മണ്ഡലത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് സുസ്ഥിര തൃത്താല. ഭൂഗര്‍ഭ ജലവിധാനം സെമി ക്രിട്ടിക്കല്‍ അവസ്ഥയിലുള്ള മണ്ഡലത്തിലെ ജലസ്രോതസുകളെ സംരക്ഷിക്കുക, പുനരുജ്ജീവിപ്പിക്കുക, മണ്ഡലത്തിലെ തരിശുരഹിതവും-മാലിന്യമുക്തവുമാക്കി മാറ്റുക, ടൂറിസം വികസനം തുടങ്ങിയ സമഗ്രവികസനമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ വകുപ്പുകളുടെയും വിവിധ ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒമ്പത് സബ് ഗ്രൂപ്പുകള്‍ രൂപീകരിച്ച് ചര്‍ച്ചകളും ശില്‍പശാലകളും നടത്തിയാണ് പദ്ധതിരേഖ തയ്യാറാക്കിയത്.

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രാഥമിക വിവരശേഖരണത്തിലൂടെയും ഉപഗ്രഹ ചിത്രങ്ങളുടെ അപഗ്രഥനത്തിലൂടെയുമാണ് നിലവിലുള്ള പ്രകൃതിവിഭവങ്ങളെ സംബന്ധിച്ച് സമഗ്രമായ വെബ് പോര്‍ട്ടല്‍ തയ്യാറാക്കിയത്. നിയോജകമണ്ഡലത്തെ സംബന്ധിച്ച വിവരങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന പോര്‍ട്ടലാണ് www.thrithalalac.com. മണ്ഡലത്തിലെ സ്ഥലപരമായ വിവരങ്ങള്‍, ഭൂമിശാസ്ത്രപരമായ വിവരങ്ങള്‍, അതിര്‍ത്തികള്‍, പ്രകൃതി വിഭവങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ആവശ്യ സേവനകേന്ദ്രങ്ങള്‍, ഉള്‍പ്പെടെ മണ്ഡലത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ അറിയുന്ന തരത്തിലാണ് വെബ് പോര്‍ട്ടല്‍ സജ്ജമാക്കിയിരിക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വികസന വകുപ്പ് ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായി ആശയവിനിമയ ശില്‍പശാലയും നടത്തും.

പരിപാടിയില്‍ കില ഡയറക്ടര്‍ ജനറല്‍ ഡോ. ജോയ് ഇളമണ്‍ പദ്ധതിരേഖ ഏറ്റുവാങ്ങും. പരിപാടിയോടനുബന്ധിച്ച് നടത്തുന്ന ടെക്‌നിക്കല്‍ സെഷനില്‍ ഭൂവിനിയോഗ ബോര്‍ഡ് കൃഷി ഓഫീസര്‍ എസ്. സിമി പദ്ധതി രേഖ അവതരിപ്പിക്കും. ഭൂവിനിയോഗ കമ്മിഷണര്‍ എ. നിസാമുദ്ദീന്‍ ‘അറിയാം തൃത്താല -വിഭവ വിവര വെബ്‌പോര്‍ട്ടല്‍’- വിഷയാവതരണവും ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത് മാലിന്യ മുക്ത തൃത്താല -വിഷയാവതരണവും നടത്തും. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, നവകേരളം പദ്ധതി ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണകൃഷ്ണന്‍, ഭൂവിനിയോഗ ബോര്‍ഡ് സോയില്‍ സയന്‍സ് സ്‌പെഷലിസ്റ്റ് പി. അരുണ്‍ജിത്ത് എന്നിവര്‍ പങ്കെടുക്കും