തകരാതെ നിൽക്കുന്ന വീടുകൾ വൃത്തിയാക്കുന്നതിന് അടിയന്തിര പ്രാധാന്യം

ആലപ്പുഴ:മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിലെ ലജനത്തുൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്ൂകളിലെ
ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. ക്യാമ്പംഗങ്ങളുമായി സംസാരിച്ചു. രാവിലെ 10.15 ന് പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മുഖ്യമന്ത്രി 10.20 ഓടെ ക്യാമ്പിലെത്തി.
ക്യാമ്പംഗങ്ങളോട് എന്തെങ്കിലും പരാതിയുണ്ടോയെന്ന് മുഖ്യമന്ത്രി ആദ്യം തന്നെ തിരക്കി. രേഖകൾ പലതും നഷ്ടപ്പെട്ടെന്ന്് ക്യാമ്പംഗങ്ങൾ ചൂണ്ടിക്കാട്ടിയപ്പോൾ അതെല്ലാം സർക്കാർ തിരിച്ചുനൽകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി.
‘വീട് തകരാതെ നിലനിൽക്കുന്നത് നമ്മൾ ക്ലീൻ ചെയ്യും. തകർന്നുപോയ വീട് പുനർനിർമ്മിക്കും.നശിച്ചുപോയ സാമഗ്രികൾക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന് സർ്ക്കാർ ആലോചിക്കും. ആരും ആശങ്കപ്പെടരുത്’- മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ എല്ലാവരും ഒരു കുടുംബം പോലെ കഴിയണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവരെ സർക്കാർ ആദരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിമാരായ ജി.സുധാകരൻ, തോമസ് ഐസക്, പി.തിലോത്തമൻ, ഇ.ചന്ദ്രശേഖരൻ എന്നിവരും മറ്റ് ജനപ്രതിനിധികളും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായി. കെ.സി.വേണുഗോപാൽ എം.പി., അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ, എ.ഡി.ജി.പി. ബി.സന്ധ്യ, ജില്ലാകളക്ടർ എസ്.സുഹാസ് തുടങ്ങിയ ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. 10.45 ഓടെ അദ്ദേഹം മടങ്ങി.