ആലപ്പുഴ: ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ചെങ്ങന്നൂരിലേയും ആലപ്പുഴയിലേയും ദുരിതാശ്വാസ ക്യാമ്പുകളിലെത്തി. ഹൃസ്വമായ സന്ദർശനം ആയിരുന്നെങ്കിലും നിശ്ചയദാർഡ്യം തുളുമ്പുന്നതായി മുഖ്യമന്ത്രിയുടെ ഒരോ വാക്കും കുടുംബാംഗങ്ങൾ മനസിലാക്കി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെയും ആലപ്പുഴ ലജ്‌നത്തുൽ സ്‌കൂളിലെയും ക്യാമ്പുകളിലാണ് മുഖ്യമന്ത്രി എത്തിയത്. രാവിലെ നിശ്ചയിച്ചതിലും അഞ്ച് മിനിറ്റ് മുമ്പെ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് മൈതാനിയിൽ മുഖ്യമന്ത്രിയേയും വഹിച്ചുള്ള ഹെലികോപ്റ്റർ എത്തി. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച് കുര്യൻ എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

ജില്ല കളക്ടർ എസ്. സുഹാസ്, ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ക്യാമ്പിലേക്ക് പോകുന്നതിനായി തയ്യാറാക്കിയ വാഹനവ്യൂഹം ഒഴിവാക്കി മന്ത്രിമാരും ജനപ്രതിനിധികൾക്കുമൊപ്പം നടന്നാണ് കോളജ് ഹാളിലെ ക്യാമ്പിലെത്തിയത്. ഭക്ഷണവും താമസവും എല്ലാം ശരിയല്ലേയെന്നും വീടുകൾ നഷ്ടമായവർക്ക് എല്ലാം വീണ്ടെടുത്തു നല്കുമെന്നും പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങൾക്ക് സമീപത്തേക്കെത്തിയത്. തിരക്കിനിടയിൽ രണ്ട് മുന്ന് വനിതകൾ കഷ്ടപ്പാടുകൾ വിവരിച്ചു. ഭക്ഷണവും താമസവും സുഭിക്ഷമാണെന്നും തിരിച്ചു ചെല്ലുമ്പോൾ ഞങ്ങളുടെ വീട് അവിടെയില്ലെന്ന ദു:ഖം മാത്രമാണുള്ളതെന്നും അവർ പറഞ്ഞു. വീടുകളും മറ്റും ശരിയാക്കി നല്കുമെന്നറിയിച്ച് മുഖ്യമന്ത്രി അടുത്ത ക്യാമ്പിലേക്ക് നീങ്ങി.

കോളജ് ബ്ലോക്കിലെ വരാന്തയിലൂടെ നടന്ന മുഖ്യമന്ത്രി ഓരോരുത്തരേയും അഭിവാദ്യം ചെയ്തു. ഇടയ്ക്ക് ചില വനിതകൾ സങ്കടങ്ങൾ പറഞ്ഞു.സേനയും പൊലീസും എല്ലാം മികച്ച പ്രവർത്തനം കാഴ്ചവച്ചെങ്കിലും കൊല്ലത്തെ മത്സ്യതൊഴിലാളികളാണ് തങ്ങളെ ജീവനോടെ രക്ഷിച്ചതെന്നും അവരോടുള്ള കടപ്പാട് ഒരിക്കലും മറക്കാനാകില്ലെന്നും അവരോട് പറഞ്ഞു. താമസം, ഭക്ഷണം, ചികിത്സസൗകര്യങ്ങൾ തൃപ്തികരമല്ലേയെന്നും മുഖ്യമന്ത്രി ആരാഞ്ഞു. എം.എൽ.എമാരായ സജി ചെറിയാൻ, ആർ രാജേഷ് മുൻ എം.പിമാരായ സി.എസ്. സുജാത, ടി.ജെ. അഞ്ചലോസ് എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

രാവിലെ 8.45ന് തുടങ്ങിയ സന്ദർശനം നിശ്ചയിച്ചതിലും 15 മിനിട്ട് മുമ്പേ പൂർത്തിയാക്കി 9.15ന് മുഖ്യമന്ത്രി ആറമുളയിലേക്ക് പോയി. 11ന് ആലപ്പുഴയിൽ എത്താനായിരുന്നു പദ്ധതിയെങ്കിലും 10.15ന് ആലപ്പുഴ പൊലീസ് പരേഡ് മൈതാനിയിൽ മുഖ്യമന്ത്രിയുടെ ഹെലികോപ്ടറെത്തി. നിശ്ചയിച്ചതിലും നേരത്തെയെത്തിയ മുഖ്യമന്ത്രി ക്യാമ്പിന്റെ കാര്യത്തിലും മാറ്റം വരുത്തിയിരുന്നു. പരേഡ് മൈതാനിക്കടുത്തു തന്നെയുള്ള ലജനുത്തൽ മുഹമ്മദിയ ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി കുടുംബാംഗങ്ങളുമായി സംസാരിച്ചു. മന്ത്രിമാരായ ജി. സുധാകരൻ, ഡോ. തോമസ് ഐസക്, പി.തിലോത്തമൻ എന്നിവർ സ്‌കൂളിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി 10.20ന് പറവൂരിലേക്ക് യാത്രയായി. സബ് കളക്ടർ വി.ആർ കൃഷ്ണതേജയുടെ നേതൃത്വത്തിലാണ് സ്‌കൂളിലെ ക്രമീകരണം.