ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന എസ്.ഡി.കോളജ് സംഭരണകേന്ദ്രത്തിലെ നൂറുകണക്കിന് സന്നദ്ധപ്രവർത്തകരുമായി ധനമന്ത്രി ടി.എം.തോമസ് ഐസക് ബുധനാഴ്ച സംവദിച്ചു. സംഭരണ കേന്ദ്രത്തിലെത്തിയ മന്ത്രി ക്യാമ്പങ്ങളുടെ യോഗം ചേരുകയും പ്രവർത്തിക്കേണ്ട രീതി സംബന്ധിച്ച് മാർഗ്ഗ നിർദ്ദേശം നൽകുകയും ചെയ്തു. വരുന്ന സാധനങ്ങൾ എത്രയും പെട്ടെന്ന് വേർതിരിച്ച് സ്റ്റോക്ക് രജിസ്റ്ററിൽ ചേർക്കണം. എന്നിട്ട് മാത്രമേ വിതരണം നടക്കൂ. കൂടാതെ ക്യാമ്പുകളിലെ ആവശ്യത്തിനുസരിച്ച് കാലതാമസം വരാതെ സാധനങ്ങൾ യഥാസമയം വിതരണം ചെയ്യാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു. ക്യാമ്പിലുള്ളവർ വിട്ടുപോകാൻ തുടങ്ങുമ്പോൾ അവർക്ക് ഒരു ഓണക്കിറ്റ് തയ്യാറാക്കി നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. പ്രഥമഘട്ടത്തിൽ 25000 കിറ്റുകൾ തയ്യാറാക്കണം. ഇത് വോളണ്ടിയർമാരുടെ വലിയ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു. അത് ചിലപ്പോൾ 50000 വരെ വേണ്ടിവരും. ക്യാമ്പ് വിട്ടുപോകുമ്പോൾ ബ്ലീച്ചിങ് പൗഡർ, നീറ്റുകക്ക, ഗ്ലൗസ്, ക്ലോറിൻ ടാബ് ലറ്റ് എന്നിവ ആവശ്യത്തിന് എത്തിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. തുടർന്ന് അദ്ദേഹം ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. സന്നദ്ധപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് ഐഡന്റിററി കാർഡ് നൽകാനും അദ്ദേഹം നിർദ്ദേശിച്ചു. സംഭരണകേന്ദ്രത്തിലേക്കുള്ള പ്രവേശനം കാർഡ് മുഖാന്തിരം ആകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.