സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളില്‍ ശുചിത്വ നിലവാരം വിലയിരുത്തുന്നത്തിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തി വരുന്ന ‘കായ കല്പ് ‘ പരിശോധന മരിയാപുരം ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പൂര്‍ത്തിയായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. പി കെ സുഷമയുടെ നേതൃത്വത്തിലുള്ള സംഘം ആരോഗ്യ കേന്ദ്രത്തിലെ മാലിന്യ സംസ്‌കരണ രീതികള്‍, രജിസ്റ്ററുകളും റെക്കോഡുകളും സൂക്ഷിക്കുന്ന രീതി, രോഗീ സൗഹൃദ പദ്ധതികള്‍, ജീവനക്കാരുടെ ശുചിത്വ നിലവാരം എന്നിവയുള്‍പ്പെടെ പരിശോധിച്ച് വിലയിരുത്തി.

സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ പരിശോധിച്ച് വിലയിരുത്തുകയും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്നവയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ആവിഷ്‌കരിച്ച അവാര്‍ഡാണ് കായകല്‍പ്പ്. കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ (പിഎച്ച്‌സി) സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ (സിഎച്ച്‌സി), കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ (എഫ് എച്ച് സി) താലൂക്ക് ആശുപത്രികള്‍, ജില്ലാ ആശുപത്രികള്‍ എന്നിവയില്‍നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ആശുപ്രതികള്‍ക്കാണു കായകല്‍പ്പ് അവാര്‍ഡ് നല്‍കുന്നത്. ആശുപത്രികളില്‍ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാന തല പരിശോധനയും നടത്തി അവാര്‍ഡ് നിർണയ കമ്മറ്റിയാണ് ഏറ്റവും മികച്ച ആശുപ്രതികളെ തെരഞ്ഞെടുക്കുന്നത്.

ആരോഗ്യ കേരളം കണ്‍സള്‍ട്ടന്റുമാരായ എം. ആര്‍. രാജേഷ്, ജോണ്‍സണ്‍ മര്‍ക്കോസ്, ഒന്നാം ഗ്രേഡ് നഴ്‌സിംഗ് ഓഫീസര്‍ ഷീജ. വി, ഉപ്പുതറ ബ്ലോക്ക് പി.ആര്‍.ഒ ടോണി എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.