എല്‍ഇഡി ബള്‍ബ് കേടായോ? വലിച്ചെറിയല്ലേ! വടകര ജൂബിലി ടാങ്കിനടുത്ത നഗരസഭയുടെ ഗ്രീന്‍ ടെക്‌നോളജി സെന്ററില്‍ എത്തിച്ചാല്‍ ബള്‍ബ് വീണ്ടും കത്തിക്കാം. കേടായ എല്‍ഇഡി ബള്‍ബുകള്‍ റിപ്പയര്‍ ചെയ്തു നല്‍കുന്ന ‘കേടായ ബള്‍ബ് തരൂ, പുതിയത് തരാം’ എന്ന പുത്തന്‍ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് നഗരസഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹരിയാലി.
ബള്‍ബിനകത്തെ മോഡ്യൂളോ ഡ്രൈവറോ കേടായിട്ടില്ലെങ്കില്‍ സൗജന്യമായി റിപ്പയര്‍ ചെയ്ത് നല്‍കും. കേടായ ബള്‍ബാണെങ്കില്‍ 20 രൂപക്ക് അവ നന്നാക്കി തിരികെ നല്‍കുന്നതാണ് പദ്ധതി. ഇത്തരം ബള്‍ബുകള്‍ക്ക് രണ്ടുവര്‍ഷത്തെ ഗ്യാരണ്ടിയും ഗ്രീന്‍ ടെക്‌നോളജിയിലെ ഊര്‍ജ്ജ ക്ലിനിക് നല്‍കുന്നു. എല്‍ഇഡി ട്യൂബ് ലൈറ്റ്, സ്ട്രീറ്റ് ലൈറ്റ് എന്നിവയും ഇവിടെ റിപ്പയര്‍ ചെയ്യും.
വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ഇ -വേസ്റ്റ് പുനരുപയോഗം ചെയ്യുന്നതിനുള്ള സാധ്യതകള്‍ ആരായുന്ന ഹരിയാലിയുടെ ഒന്‍പത് സംരംഭങ്ങളില്‍ ഒന്നാണ് റിപ്പയര്‍ ഷോപ്പ്. ഹരിത കര്‍മ്മ സേനാംഗങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റ് കോവിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനത്തിനായി 40 ടെലിവിഷനുകള്‍ സൗജന്യമായി റിപ്പയര്‍ ചെയ്ത് നല്‍കിയിരുന്നു. റിപ്പയറിങ് കൂടാതെ പുതിയ എല്‍.ഇ.ഡി ബള്‍ബ് നിര്‍മ്മാണവും ആരംഭിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം ഗ്യാരന്റി ഉള്ള ഒന്‍പത് വാട്ടിന്റെ ഒരു ബള്‍ബിന് 60 രൂപ മാത്രമേ ഇവിടെ വിലയുള്ളൂ.
ഈ മേഖലയില്‍ വിദഗ്ധനായ എം പി. സി നമ്പ്യാര്‍, കെഎസ്ഇബി റിട്ടയേഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറും ഹരിയാലി കോര്‍ഡിനേറ്ററുമായ മണലില്‍ മോഹനന്‍, സന്നദ്ധ പ്രവര്‍ത്തകരായ കെ.വിജയന്‍ മാസ്റ്റര്‍ കെ. രാധന്‍ മാസ്റ്റര്‍ എന്നിവരാണ് റിപ്പയറിങ്ങിന് നേതൃത്വം നല്‍കുന്നത്.