നഗരപ്രദേശത്തെ എല്ലാ ഭവനരഹിതർക്കും വീട് എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പദ്ധതിയുടെ ഭാഗമായി കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം ഏർപ്പെടുത്തിയ പി.എം.എ.വൈ (അർബൻ) അവാർഡ്‌സ് 2021ലെ രണ്ട് ദേശീയ പുരസ്‌ക്കാരങ്ങൾ കുടുംബശ്രീ ഏറ്റുവാങ്ങി. ഗുജറാത്തിലെ രാജ്‌കോട്ടിൽ ഇന്ത്യൻ അർബൻ ഹൗസിങ് കോൺക്ലേവിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്  നടന്ന ചടങ്ങിൽ കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയിൽ നിന്ന് കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ബഹുമതികൾ ഏറ്റുവാങ്ങി. കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ, കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം സെക്രട്ടറി മനോജ് ജോഷി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

 ഉപജീവന പദ്ധതികളുൾപ്പെടെയുള്ള പദ്ധതികളുമായുള്ള ഏറ്റവും മികച്ച സംയോജന മാതൃകയ്ക്കുള്ള പ്രത്യേക പുരസ്‌ക്കാരവും പദ്ധതിക്ക് കീഴിൽ ഏറ്റവും മികച്ച സമൂഹ്യാധിഷ്ടിത പ്രോജക്ടിനുള്ള പുരസ്‌ക്കാരവുമാണ് കുടുംബശ്രീയിലൂടെ കേരളത്തിന് സ്വന്തമായത്. കേരളത്തിലെ പദ്ധതിയുടെ നോഡൽ ഏജൻസി കുടുംബശ്രീയാണ്. കേരളത്തിൽ ലൈഫ് ഭവന പദ്ധതിയുമായി സംയോജിപ്പിച്ചാണ് പി.എം.എ.വൈ (അർബൻ) പദ്ധതി നടപ്പിലാക്കുന്നത്.

നിശ്ചിത 150 ദിവസങ്ങളിലെ മികച്ച പ്രകടനം കൂടി അടിസ്ഥാനമാക്കി നഗരസഭാതല പുരസ്‌ക്കാരങ്ങളിൽ ദേശീയതലത്തിൽ മട്ടന്നൂർ നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. ലൈഫ് ഭവന പദ്ധതി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി,  കുടുംബശ്രീ മുഖേന നഗര മേഖലകളിൽ നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന ദൗത്യം (നാഷണൽ അർബൻ ലൈവ്‌ലിഹുഡ് മിഷൻ- എൻ.യു.എൽ.എം) പദ്ധതി ഉൾപ്പെടെയുള്ള പദ്ധതികൾ, അതാത് നഗരസഭകളുടെ വിവിധ പദ്ധതികൾ എന്നിവയെല്ലാമായും നടത്തി വരുന്ന ഫലപ്രദമായ സംയോജന പ്രവർത്തനങ്ങളാണ് പ്രത്യേക സംയോജന മാതൃക അവാർഡിന് കുടുംബശ്രീയെ അർഹമാക്കിയത്.