ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന കേരള സർക്കാർ പ്രഖ്യാപനത്തിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ നടപ്പിലാക്കിവരുന്ന സ്വയംതൊഴിൽ പദ്ധതികളിലൂടെ സംരംഭകരാകാൻ താല്പര്യമുള്ളവർക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നതിനായി മാനന്തവാടി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വയംതൊഴിൽ ശില്പശാല സംഘടിപ്പിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു.
മാനന്തവാടി മുനിസിപ്പൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. എസ് മൂസ അധ്യക്ഷത വഹിച്ചു.
സർക്കാർ ഉദ്യോഗത്തിന് മാത്രം കാത്തുനിൽക്കാതെ ഓരോ വ്യക്തിയും സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്തി സ്വയം സംരംഭകരാകേണ്ടതിന്റെ ആവശ്യകത പ്രസിഡന്റ് ശില്പശാലയിൽ പങ്കെടുത്തവരുമായി പങ്കുവച്ചു. എംപ്ലോയ്മെന്റ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന സ്വയം തൊഴിൽ പദ്ധതികളെക്കുറിച്ച് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ സെൽഫ് എംപ്ലോയ്മെന്റ് ഓഫീസർ അബ്ദുൽ റഷീദ് ക്ലാസെടുത്തു. മാനന്തവാടി എംപ്ലോയ്മെന്റ് ഓഫീസർ ഇ. മനോജ്, ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ ഷിജു മോഹൻ തുടങ്ങിയവർ സംസാരിച്ചു. സംരംഭകരാകാൻ താൽപര്യമുള്ള അറുപതോളം പേർ ശില്പശാലയിൽ പങ്കെടുത്തു.