വെള്ളിയാമറ്റം പഞ്ചായത്തിലെ മേത്തൊട്ടിയില്‍  ഉരുള്‍പൊട്ടിയ മേഖലകളില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്തിന് സഹായഹസ്തവുമായി വഴിത്തല ശാന്തിഗിരി കോളേജ് വിദ്യാര്‍ത്ഥികളും എത്തിച്ചേര്‍ന്നു. തുടര്‍ച്ചയായ ചെറുതും വലുതുമായ 37 ഉരുള്‍പൊട്ടലുകളാണ് മേത്തൊട്ടി പ്രദേശങ്ങളില്‍ ഉണ്ടായത്. പടിഞ്ഞാറന്‍ മേത്തൊട്ടിയില്‍ 19 കുടുംബങ്ങളെയും കിഴക്കേ മേത്തൊട്ടിയില്‍ 33 കുടുംബങ്ങളെയും ഉള്‍പ്പെടെ 170 പേരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്.
മഴയ്ക്ക് ശമനമായതിനെതുടര്‍ന്ന് ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് എത്തിയ നേടിയേറ്റ് അപ്പച്ചന്റെയും തരകനാല്‍ ബാലകൃഷ്ണന്റെയും വീടുകളാണ് പ്രോഗ്രാം ഓഫീസര്‍ ജെയിംസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള 100 അംഗ എന്‍. എസ്. എസ് വോളന്റിയേഴ്‌സും 7 അധ്യാപകരും ചേര്‍ന്ന് പുനരധിവാസ പ്രവര്‍ത്തനം നടത്തി വാസയോഗ്യമാക്കിയത്. കുടുംബശ്രീ യൂണിറ്റുകളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായപ്രവര്‍ത്തനങ്ങള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി. മേത്തൊട്ടി പ്രിയദര്‍ശിനി ക്ലബ്ബിലെയും ചെറുപുഷ്പം യംഗ്സ്റ്റര്‍ ക്ലബ്ബിലെയും യുവാക്കളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
തൊടുപുഴ എം ല്‍ എ പി ജെ ജോസഫിന്റെ  അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ശാന്തിഗിരി കോളേജ് എന്‍ എസ്സ് എസ്സ് വിദ്യാര്‍ഥികള്‍ വെള്ളിയാമറ്റം  പഞ്ചായത്തിലെ !മേത്തൊട്ടിയില്‍ എത്തിയത്. തൊടുപുഴ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഉച്ച ഭക്ഷണം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം മോനിച്ചന്‍, ബ്ലോക്ക് മെമ്പര്‍ മാര്‍ട്ടിന്‍ മാത്യു, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മോഹന്‍ദാസ് പുതുശ്ശേരി, അക്കാമ്മ മാത്യു, ജിന്‍സി സജി മുന്‍ പഞ്ചായത്ത് അംഗങ്ങളായ അശോക് കുമാര്‍ കൈക്കല്‍,എന്‍ എസ് എസ്  പ്രസിഡണ്ട് എം സി തങ്കപ്പന്‍, സി ഡി എസ് മെമ്പര്‍ നീതു ഷിനോജ്, ജോയി വട്ടത്തകിടിയേല്‍, എ ഡി എസ് മെമ്പര്‍മാരായ ഓമന നേടിയേറ്റു, സുധ സോമന്‍, രവീണ ബിനു, ഗീതാ ശിവന്‍ എന്നിവര്‍ ദുരിതാശ്വാസ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.