വനിതാ ശിശു വികസന വകുപ്പിന്റെയും ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ പ്രളയബാധിതര്‍ക്കായുള്ള ‘സൈക്കോ സോഷ്യല്‍ കെയര്‍ ഫോര്‍ ഫ്‌ളഡ് അഫക്റ്റഡ് ‘ എന്ന പരിപാടിയുടെ ഭാഗമായി അവബോധ രൂപീകരണ ശില്പശാല സംഘടിപ്പിച്ചു. ഓഗസ്റ്റ് 23, 24 തിയതികളിലായി തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി നടക്കുന്നത്. ജില്ലയില്‍ നിന്നുള്ള സ്‌കൂള്‍ കൗണ്‍സിലേഴ്‌സ്, ചൈല്‍ഡ് കെയര്‍ ഇന്‍സ്റ്റിട്യൂഷനില്‍ നിന്നുള്ള കൗണ്‍സിലേഴ്‌സ്, സോഷ്യല്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ചിട്ടുള്ള പരിപാടി ബാംഗ്ലൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സ് (നിംഹാന്‍സ് )ലെ സൈക്കാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗമാണ് സംഘടിപ്പിച്ചത്.
തൊടുപുഴ തഹസില്‍ദാര്‍ വിനോദ് രാജ് ഉദ്ഘാടനം ചെയ്ത പരിപാടി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ സോഫി ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ലിസി തോമസ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. ജെയ്‌സണ്‍, ജില്ലാതല പ്രോഗ്രാം ഓഫീസര്‍ നിഷ, അനീഷ് വി. വി എന്നിവര്‍ പ്രസംഗിച്ചു. ബാംഗ്ലൂര്‍ നിംഹാന്‍സ് സൈക്കാട്രിക് സോഷ്യല്‍ വര്‍ക്ക് വിഭാഗം ബിനോ തോമസ്, വസുന്ധര എസ് നായര്‍ എന്നിവര്‍ ക്ലാസ്സ് നയിച്ചു. കുട്ടികളെ സംരക്ഷിക്കുന്നവരുടെ കര്‍ത്തവ്യങ്ങള്‍, ദുരന്തം അനുഭവിക്കുന്നവര്‍ക്കായുള്ള മാനസിക സാമൂഹിക സഹായം, മാനസിക സാമൂഹിക പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ ഉപയോഗിക്കേണ്ട മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് ക്ലാസുകള്‍ എടുത്തു. ദുരന്തബാധിതര്‍ക്ക് സൈക്കോ സോഷ്യല്‍ പിന്തുണ നല്‍കുന്നതിനായി കൗണ്‍സിലര്‍മാരെ മേഖല തിരിച്ച് നിയോഗിക്കുകയും ചെയ്തു. ഇന്ന്  സന്നദ്ധസേവകര്‍ക്കുള്ള പരിശീലന പരിപാടിയും നടക്കും.