കാലവര്‍ഷകെടുതിയില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരെ സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി സംരക്ഷിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി.അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.വീട് നഷ്ടപ്പെട്ടവര്‍ക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പെടുത്തി വീടുകള്‍ നിര്‍മ്മിച്ച് നല്‍കുമെന്നും  വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നല്‍കി വീടുകള്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു  മന്ത്രി എംഎം മണി അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചത്.അടിമാലിയില്‍ നിലവില്‍ ഒരു ദുരിതാശ്വാസ ക്യാമ്പാണ് പ്രവര്‍ത്തിക്കുന്നത്. വീടും സ്ഥലവും ഇല്ലാതെ വാടക വീടുകളില്‍ കഴിഞ്ഞ് വരുന്നവരും നിലവില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസം തുടരുകയാണ്. വാടകക്ക് താമസിച്ചു വന്നിരുന്ന വീടുകള്‍ നഷ്ടപ്പെട്ട  കുടുംബങ്ങളുടെ ദുരിതം പരിഹരിക്കാന്‍ ശ്രദ്ധയോടെയും കരുതലോടെയുമുള്ള തീരുമാനങ്ങള്‍ ആവിഷ്‌ക്കരിക്കുമെന്നും  മന്ത്രി അറിയിച്ചു. ക്യാമ്പിലെത്തിയ മന്ത്രിയെ വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ തങ്ങളുടെ സങ്കടങ്ങളും അറിയിച്ചു. പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാമെന്ന് മന്ത്രി കുടുംബങ്ങള്‍ക്ക് ഉറപ്പു നല്‍കി.വീടും സ്ഥലവും ഇല്ലാത്തവരെ താല്‍ക്കാലികമായി പാര്‍പ്പിക്കാന്‍ ഉതകുന്ന പഞ്ചായത്തിലെ മറ്റിടങ്ങള്‍ കണ്ടെത്താന്‍ മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.40 പേരാണ് ഇപ്പോള്‍ അടിമാലിയിലെ ക്യാമ്പില്‍ കഴിഞ്ഞ് വരുന്നത്.പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മറ്റ് ദുരിതാശ്വാസ ക്യാമ്പുകളിലുണ്ടായിരുന്നവരെല്ലാം വീടുകളിലേക്ക് മടങ്ങി പോയിരുന്നു.