ഈട്ടിത്തോപ്പ് മേലേ ചിന്നാര്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കല്ലാര്‍മുക്ക് പാലത്തിന്റെ പാതിയും അപ്രോച്ച് റോഡും മഴക്കെടുതിയില്‍ തകര്‍ന്നതോടെ വിവിധ പ്രദേശങ്ങളിലേക്കുള്ള ഏക യാത്രാമാര്‍ഗ്ഗമാണ് തടസപ്പെട്ടത്. അടിമാലി  മേലേ ചിന്നാര്‍ ഈ ടിത്തോപ്പ്  നത്തു കല്ല് പ്രധാന റോഡിന്റെ ഭാഗമാണിത്.  കല്ലാര്‍മുക്ക് പാലത്തില്‍ നിന്നും പ്രധാന റോഡിലേക്കെത്തുന്ന അപ്രോച്ച് റോഡ് ഏകദേശം 50 മീറ്ററോളം ഇടിഞ്ഞു പോയി. ഇരുവശങ്ങളും കെട്ടി മുകള്‍ഭാഗം കോണ്‍ക്രീറ്റ് ചെയ്തിരുന്ന പാലത്തിന്റെ ഒരു ഭാഗവും കുത്തൊഴുക്കില്‍ ഒലിച്ചുപോയി. ഇതോടെ മേലേ ചിന്നാര്‍, ഈട്ടിത്തോപ്പ്, കല്ലാര്‍മുക്ക് മേഖലയിലെ ജനങ്ങള്‍ക്ക് ഇരുഭാഗങ്ങളിലേക്കും യാത്ര അസാധ്യമായി. ഇവിടെ നിന്നും അടിമാലി നെടുങ്കണ്ടം, തോപ്രാംകുടി, കട്ടപ്പന ഭാഗങ്ങളിലേക്കെത്താന്‍ മാര്‍ഗ്ഗമില്ലാതായി. തുടര്‍ന്നാണ് നൂറു കണക്കിന് നാട്ടുകാരുടെയും ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിന്റെയും ദിവസങ്ങളോളമുള്ള ശ്രമഫലമായി കാല്‍നടയാത്രയ്ക്കും ഇരുചക്രവാഹനങ്ങള്‍ക്കും കടന്നു പോകാന്‍ വിധം ക്രമീകരിച്ചത്. .നൂറു കണക്കിന് മണല്‍ചാക്കുകള്‍ അടുക്കി മുകളില്‍ മണ്ണിട്ട് ഉറപ്പിച്ചാണ് ഇത്രയെങ്കിലും സഞ്ചാരയോഗ്യമാക്കിയത.് ഇരട്ടയാര്‍ സെന്റ് തോമസ് സ്‌കൂളിലെ എന്‍സിസി കേഡറ്റുകളും ഈ ഉദ്യമത്തില്‍ പങ്കാളികളായി. മണ്ണുമാറ്റുവാനും മറ്റുമായി ഹിറ്റാച്ചിയും ടിപ്പറും ഗ്രാമ പഞ്ചായത്ത് വിട്ടു നല്കി. കഴിഞ്ഞ വര്‍ഷം പണി പൂര്‍ത്തീകരിച്ച ഗ്രാമീണ റോഡും പാലത്തിന്റെ പാതിയും പേമാരി തകര്‍ത്തെറിഞ്ഞ വിഷമത്തിലാണ് പ്രദേശവാസികള്‍. കാലവര്‍ഷക്കെടുതിയെ കൂട്ടായ പരിശ്രമത്തിലൂടെ അതിജീവിച്ചപ്പോള്‍ കല്ലാര്‍മുക്ക് ഗ്രാമവാസികള്‍ക്ക് അവരുടെ യാത്രാക്ലേശത്തിന് താല്കാലിക പരിഹാരമായി.