മഴക്കെടുതിയില്‍ ഇരുട്ടിലായി പോയ മലയോര മേഖലയിലെ വിവിധ സ്ഥലങ്ങളിലേക്ക് വൈദ്യുതി എത്തിക്കാനുള്ള അക്ഷീണ പ്രയത്‌നത്തിലാണ് വൈദ്യുതി വകുപ്പ് ജീവനക്കാര്‍. കെ എസ് ഇ ബി കട്ടപ്പന സബ് ഡിവിഷനു കീഴിലുള്ള കട്ടപ്പന, അണക്കര ,വണ്ടന്‍മേട് തൂക്കുപാലം എന്നീ സെക്ഷനുകളുടെ പരിധിയിലുള്ള എല്ലാ കണക്ഷനുകളിലും വൈദ്യുതി എത്തി. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പോസ്റ്റുകളും ലൈനുകളും പൂര്‍ണ്ണമായും തകര്‍ന്ന ഉടുമ്പന്‍ചോല സെക്ഷനിലെ 40 വീടുകളില്‍ വൈദ്യുതി എത്തിക്കാനുള്ള പരിശ്രമത്തിലാണ് ജീവനക്കാരെന്നും രണ്ട് മൂന്ന് ദിവസങ്ങള്‍ക്കകം ഈ ഭാഗത്തെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകുമെന്നും കെ എസ് ഇ ബി കട്ടപ്പന അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എസ് സലിം കുമാര്‍ പറഞ്ഞു. നെടുങ്കണ്ടം സെക്ഷനു കീഴില്‍ 14 ഓളം കക്ഷനും ഇരട്ടയാര്‍ സെക്ഷനു കീഴില്‍ നാലെണ്ണവും ഉരുള്‍പൊട്ടലില്‍ പൂര്‍ണ്ണമായും വീടുള്‍പ്പെടെ തകര്‍ന്ന് വൈദ്യുതി ബന്ധം താറുമാറായിട്ടുണ്ട്. ഇവിടെ വീടുകള്‍ പുനര്‍നിര്‍മ്മിച്ച ശേഷം മാത്രമേ പോസ്റ്റുകളിട്ട് പുതിയ ലൈന്‍ വലിച്ച് കണക്ഷന്‍ നല്കുവാനാകൂ.
നെടുങ്കണ്ടം സെക്ഷന്‍ പരിധിയിലുള്ള മഞ്ഞപ്പാറ, മാവടി, കാരിക്കോട്, കല്‍കൂന്തല്‍ ,ഉപ്പാറ മേഖലകളിലും ഇരട്ടയാര്‍ സെക്ഷന്‍ പരിധിയിലെ ഇടിഞ്ഞമല ,ഈട്ടിത്തോപ്പ്, ഈറ്റക്കാനം മേഖലകളിലും മഴക്കെടുതിയില്‍ തകര്‍ന്നു പോയ പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചും മറ്റും ജീവന ക്കാര്‍ ദിവസങ്ങളോളം രാപകല്‍ വ്യത്യാസമില്ലാതെ പരിശ്രമിച്ചാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന കട്ടപ്പന കെ എസ് ആര്‍ ടി സി ഡിപ്പോ , വെള്ളയാംകുടിക്ക് സമീപമുള്ള കൊങ്ങിണിപ്പടവ് മേഖലകളില്‍ വൈദ്യുതിയെത്തിക്കല്‍ ദുഷ്‌കരമായിരുന്നു. മഴക്കെടുതി ആരംഭിച്ചപ്പോള്‍ മുതല്‍ ലീവ് പോലും ക്യാന്‍സല്‍ ചെയ്ത് എല്ലാ സെക്ഷനുകളിലെയും ജീവനക്കാര്‍ 24 മണിക്കൂറും ജോലിയില്‍ വ്യാപൃതരാണ്. ഓരോ സെക്ഷനു കീഴിലും 25ഓളം ജീവനക്കാര്‍ വീതം വൈദ്യുതി തകരാര്‍ പരിഹരിക്കാന്‍ റൂട്ടുകളില്‍  ജോലി ചെയ്തുവരുന്നു. കട്ടപ്പന ഡിവിഷനു പരിധിയിലുള്ള ഒരു ലക്ഷത്തോളം കണക്ഷനില്‍ ഇരുപതിനായിരത്തോളം ഗാര്‍ഹിക കണക്ഷനുകളിലും അത്രത്തോളം തന്നെ ഗാര്‍ഹികേതര കണക്ഷനുകളിലും ഈ മഴക്കെടുതിയില്‍ വൈദ്യുതി തടസപ്പെട്ടിരുന്നു. ജീവനക്കാരുടെ കഠിന പരിശ്രമത്തിലും നാട്ടുകാരുടെ സഹകരണം കൊണ്ടും വളരെ പെട്ടെന്നു തന്നെ ഭൂരിഭാഗം പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ സാധിച്ചതായി കട്ടപ്പന അസി.എക്‌സ്.എന്‍ജിനീയര്‍ അറിയിച്ചു.