വെള്ളപ്പൊക്ക കെടുതിക്കിരയായി ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസ നടപടികള്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ശുചീകരണവുമായി ബന്ധപ്പെട്ട് തിരുവല്ല താലൂക്ക് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടിവെള്ള വിതരണം, വൈദ്യുത ബന്ധം പുനസ്ഥാപിക്കല്‍, ശുചീകരണം തുടങ്ങിയവ അടിയന്തര പ്രാധാന്യം നല്‍കി പൂര്‍ത്തിയാക്കണം. പൊതുസ്ഥലങ്ങളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പഞ്ചായത്ത് തല സന്നദ്ധ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണം. ഇതിനാവശ്യമായ സാമഗ്രികള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് പ്രത്യേകം സൂക്ഷിക്കണം. കുപ്പികള്‍ ഒഴിവാക്കി ടാങ്കര്‍ വഴി കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണം. ഇതോടനുബന്ധിച്ച് കിണറുകള്‍ ശുചിയാക്കുന്നതു വരെ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം പഞ്ചായത്തുകള്‍ വിതരണം ചെയ്യണം. കടപ്ര, നിരണം, പെരിങ്ങര, നെടുമ്പ്രം എന്നീ പ്രദേശങ്ങളിലെ വൈദ്യുത വിതരണം പുനസ്ഥാപിക്കുന്നതിന് ഇലക്ട്രിസിറ്റി എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ നടപടി സ്വീകരിക്കണം. ജലജന്യരോഗങ്ങള്‍ പടരാതിരിക്കാന്‍ ബോധവത്കരണം നടത്താന്‍ ആരോഗ്യവകുപ്പ് മുന്‍കൈയെടുക്കണം. സാനിട്ടറി നാപ്കിന്‍, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ പൊതുജനാരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്തുകളും വഴി വിതരണം ചെയ്യണം. എല്ലാ ക്യാമ്പുകളിലും ദിവസവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ സ്‌പെഷല്‍ ഓഫീസര്‍ ബി. അബ്ദുള്‍ നാസര്‍, മുന്‍സിപ്പല്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എസ്.വി. സുബിന്‍, സാം ഈപ്പന്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, കോയിപ്രം ബ്ലോക്ക് അംഗം അജയകുമാര്‍, കടപ്ര ബ്ലോക്ക് അംഗം സതീഷ് ചാത്തങ്കേരി, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് ഷിബു വര്‍ഗീസ്, നിരണം പഞ്ചായത്ത് പ്രസിഡന്റ് ലതാ പ്രസാദ്, കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു, ഇരവിപേരൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എന്‍.രാജീവ്, കുറ്റൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ രഘുനാഥ്, കോയിപ്രം പഞ്ചായത്ത് പ്രസിഡന്റ് മോന്‍സി കിഴക്കേടത്ത്, തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ് ഏലിയാമ്മ തുടങ്ങിയവര്‍ സംസാരിച്ചു.