വേനല്ക്കാലത്തു പുല്ലിപ്പുഴയില് നിന്നും മുട്ടിയറയില് ഉപ്പുവെള്ളം കയറുമെന്ന ആശങ്ക ഇനിയില്ല. രാമനാട്ടുകര നഗരസഭയുടെ 2020- 21 വാര്ഷിക പദ്ധതിയിലുള്പ്പെടുത്തി സ്റ്റീല് ഷട്ടര് ഘടിപ്പിച്ചു നവീകരിച്ച മുട്ടിയറ ചീര്പ്പ് ഒക്ടോബര് 23 ന് നാടിന് സമര്പ്പിക്കുന്നതോടെ പ്രദേശവാസികളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് നിറവേറുന്നത്. വേനല്ക്കാലത്തു ഉപ്പു വെള്ളം കയറി ഈ പ്രദേശത്തെ കൃഷി നശിക്കുകയും കുടിവെള്ളം മലിനമാവുകയും ചെയ്യുന്ന അവസ്ഥയ്ക്കാണ് ഇതോടെ പരിഹാരമാവുക.
39 ലക്ഷം രൂപ ചെലവിട്ടാണ് ജല വിഭവ വകുപ്പ് മെക്കാനിക്കല് വിഭാഗത്തിന്റെ നേതൃത്വത്തില് ചീര്പ്പിന്റെ പ്രവൃത്തി പൂര്ത്തീകരിച്ചത്. തുരുമ്പിനെ പ്രതിരോധിക്കാന് ശേഷിയുള്ള അഞ്ച് സ്റ്റീല് ഷട്ടറുകളാണ് ചീര്പ്പില് ഒരുക്കിയിരിക്കുന്നത്. ചീര്പ്പ് പ്രവര്ത്തിപ്പിക്കുന്നതിന് പ്രത്യേക ഗിയര്ബോക്‌സ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്.
രാമനാട്ടുകര പൂവന്നൂര് പള്ളി, ഫറോക്ക് ചുങ്കം മേഖലകളിലെ മഴവെള്ളം ചെത്തുപാലം തോട്ടിലൂടെ എത്തി മുട്ടിയറ വഴിയാണ് പുലിപ്പുഴയില് ചേരുന്നത്. മുട്ടിയറയിലെ ചീര്പ്പ് പ്രവര്ത്തനരഹിതമായതോടെ വേനല്ക്കാലത്ത് വേലിയേറ്റത്തില് തോട്ടിലൂടെ ജനവാസ കേന്ദ്രത്തിലേക്ക് ഉപ്പുവെള്ളം കയറുക പതിവായിരുന്നു. ഇത് പ്രദേശത്ത് കിണറുകള് മലിനമാക്കുകയും വന്തോതില് കൃഷിനാശത്തിന് ഇടയാക്കുകയും ചെയ്തു. താല്ക്കാലിക തടയണ കെട്ടി സംരക്ഷിക്കാന് ശ്രമിച്ചിരുന്നെങ്കിലും പൂര്ണ്ണമായും ഫലം കണ്ടില്ല. ഈ സാഹചര്യത്തിലാണ് പുതിയ സ്ഥിരം സ്റ്റീല് ഷട്ടര് ഘടിപ്പിച്ചു ചീര്പ്പ് പുനര് നിര്മ്മിക്കാന് നഗരസഭ പദ്ധതിയിട്ടത്. ഇതോടെ വേനല്ക്കാലത്ത് ചീര്പ്പിന്റെ സമീപം താല്ക്കാലിക ബണ്ടൊരുക്കുന്നത് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.