പൊതുജനങ്ങള്‍ പരമാവധി കെ.എസ്.ആര്‍.ടി.സി പോലുള്ള പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ഇതുവഴി കെ.എസ്.ആര്‍.ടി.സി അടക്കം പൊതുഗതാഗത സംവിധാനത്തിന് മുന്നോട്ടുപോകാന്‍ കഴിയുമെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. മോട്ടോര്‍ വാഹന വകുപ്പിന്റെ ജില്ലയിലെ വാഹനീയം 2022 അദാലത്ത് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നാളെ തൃശൂര്‍ ജില്ലയിലും വാഹനീയം അദാലത്ത് പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ 13 ജില്ലകളിലും പൂര്‍ത്തിയാകുമെന്നും ഇടുക്കി ജില്ല മാത്രമാകും ബാക്കിയുള്ളതെന്നും അദാലത്തു വഴി ആയിരക്കണക്കിന് ഫയലുകളാണ് ജില്ലകളില്‍ പൂര്‍ത്തിയാക്കിയതെന്നും പാലക്കാട് ജില്ലയില്‍ സബ് ആര്‍.ടി.ഒ, ജോയിന്റ് ആര്‍.ടി.ഒ,ആര്‍.ടി.ഒ തലത്തില്‍ മന്ത്രി എത്തുന്നതിനുമുമ്പ് ഫയലുകള്‍ തീര്‍പ്പാക്കിയതായും മന്ത്രിതലത്തില്‍ പരിഹാരം കാണുന്ന ഫയലുകളാണ് തീര്‍ക്കാനായി ബാക്കി ഉള്ളതെന്നും മന്ത്രി പറഞ്ഞു.
വടക്കഞ്ചേരിയില്‍ ഉണ്ടായ അപകടത്തില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെട്ടുവെന്നും ഒന്നര മണിക്കൂര്‍ മുമ്പ് തന്നെ വാഹന ഉടമക്ക് ഗതാഗത വകുപ്പ് സ്പീഡ് അലര്‍ട്ട് നല്‍കിയതായും തുടര്‍ന്നും ഡ്രൈവര്‍ അശ്രദ്ധമായി ഓടിച്ചതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. അപകടസമയത്തും 97.7 കിലോമീറ്റര്‍ വേഗത്തിലാണ് വാഹനമോടിച്ചിരുന്നത്. സ്‌കൂളുകള്‍ക്ക് വിനോദസഞ്ചാരയാത്രകള്‍ പോകുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തലത്തില്‍ നല്‍കിയിട്ടുണ്ട്. വാഹനം ബുക്ക് ചെയ്യുമ്പോള്‍ തന്നെ വാഹനത്തിന്റെയും ജീവനക്കാരുടെയും വിശദാംശങ്ങള്‍ പോലീസ്, ഗതാഗതം അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ വിവരങ്ങള്‍ കൈമാറണം.
വടക്കഞ്ചേരി അപകടത്തെതുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കിയ സ്‌പെഷ്യല്‍ ഡ്രൈവിലൂടെ ഒക്ടോബര്‍ ഏഴാം തീയതി മുതല്‍ 10 വരെ 6041 വാഹനങ്ങള്‍ക്കെതിരെ നടപടി എടുത്തു.സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കാത്ത 567 ബസുകള്‍ക്കും അമിതമായ ലൈറ്റിംഗ് സംവിധാനം ഘടിപ്പിച്ച 3690 വാഹനങ്ങള്‍ക്കും എയര്‍ഹോണ്‍, പൊലൂഷന്‍ എന്നിവ ലംഘിച്ചതിന് 985 വാഹനങ്ങള്‍ക്കും, വാഹനത്തിലെ ആള്‍ട്ടറേഷന്‍ അടക്കം നടത്തിയ 415 വാഹനങ്ങള്‍ക്കെതിരെയും നടപടി എടുത്തതായും അദ്ദേഹം പറഞ്ഞു.
മനുഷ്യ ജീവനാണ് ഏറ്റവും പ്രധാനം, നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുകയും, നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞാല്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ലൈസന്‍സ് നല്‍കുന്ന രീതി ഇനിമുതല്‍ തുടരില്ലെന്നും, അത്തരം ഡ്രൈവര്‍മാര്‍ എടപ്പാളിലുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ കേന്ദ്രത്തില്‍ മൂന്നുദിവസത്തെ പരിശീലനത്തില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് എടുക്കണമെന്നും പ്രസ്തുത ഡ്രൈവര്‍മാരുണ്ടാക്കിയ നിയമലംഘനത്തെ തുടര്‍ന്ന്് അപകടത്തില്‍പെട്ട് പാലിയേറ്റീവ്, ആശുപത്രിയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുന്നതടക്കമുളള ബോധവത്കരണങ്ങള്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതടക്കമുള്ള ഡ്രൈവര്‍മാര്‍ക്കെതിരായ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഉദ്യോഗസ്ഥതലത്തില്‍ പോലീസ്-എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായി പരിശോധന ശക്തമാക്കും. സുരക്ഷാ മിത്ര പദ്ധതി പ്രകാരം വാഹനങ്ങളുടെ സഞ്ചാരപാത മോട്ടോര്‍ വാഹനവകുപ്പ് പോലീസിന് നല്‍കും. മോട്ടോര്‍ വാഹന ഗതാഗതനിയമങ്ങള്‍ പ്ലസ് ടു തലത്തില്‍ ഇംഗ്ലീഷ്,മലയാളം ഭാഷകളില്‍ പാഠപുസ്തകം തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പിന് കൈമാറും.
ഇതോടെ ഇന്ത്യയില്‍ ആദ്യമായി പ്ലസ് ടു പാഠ്യപദ്ധതിയില്‍ ഗതാഗതനിയമങ്ങള്‍ ഉള്‍പ്പെടുത്തുകയും ഇതുവഴി പ്ലസ് ടു കോഴ്‌സ് പാസാകുന്നതിനോടൊപ്പം ലേണേഴ്‌സ് ടെസ്റ്റിന് പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്നും 45 ശതമാനത്തിന് മുകളില്‍ വൈകല്യമുളള ഭിന്നശേഷിക്കാര്‍ക്ക് യാത്രാ സൗജന്യം നല്‍കുമെന്നും മന്ത്രി അറിയിച്ചു.
നെല്ലിയാമ്പതി, അട്ടപ്പാടി മേഖലയില്‍ കെ.എസ്.ആര്‍.ടി.സി രാത്രി സര്‍വ്വീസ് വേണമെന്ന നിവേദനത്തില്‍ ഒക്ടോബര്‍ 25 നകം റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി പറഞ്ഞു.
വാഹനീയം അദാലത്തില്‍ പരിഗണിച്ച 145 പരാതികളും ഡ്രൈവിങ്ങ് ലൈസന്‍സുമായി ബന്ധപ്പെട്ട് വന്ന 244 പരാതികളും, വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട 663 പരാതികളടക്കം 1052 പരാതികള്‍ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ തീര്‍പ്പുണ്ടാക്കിയതായി അധികൃതര്‍ പറഞ്ഞു.
അദാലത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷണന്‍കുട്ടി അധ്യക്ഷനായിരുന്നു, വി.കെ ശ്രീകണ്ഠന്‍ എം.പി, എം.എല്‍.എ മാരായ കെ.ബാബു, പി.പി സുമോദ്, അഡ്വ.കെ പ്രേംകുമാര്‍, പി. മമ്മിക്കുട്ടി, അഡ്വ.കെ.ശാന്തകുമാരി, അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.