ആറ് പകർച്ചവ്യാധികളെ നിർമ്മാർജനം ചെയ്യുന്നതിന് ആരോഗ്യ വകുപ്പ് പ്രത്യേക കർമ്മ പരിപാടി തയ്യാറാക്കുമെന്ന് മന്ത്രി വീണാ ജോർജ്. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ് രോഗ നിർമ്മാർജന പ്രവർത്തനങ്ങൾ. ഈ പദ്ധതിയുടെ ഭാഗമായി മലേറിയ, കാലാ അസാർ, മന്ത് രോഗം, ക്ഷയരോഗം, മീസിൽസ്, റുബല്ല എന്നീ രോഗങ്ങളാണ് സമയബന്ധിതമായി നിർമ്മാർജനം ചെയ്യാനുദ്ദേശിക്കുന്നത്. ഓരോ ജില്ലയും ചെയ്യേണ്ട പ്രവർത്തനങ്ങൾ കൃത്യമായി നിശ്ചയിച്ച് മുന്നോട്ട് പോകാൻ നിർദേശം നൽകി. സംസ്ഥാന തലത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കായുള്ള പരിശീലന പരിപാടി നടത്തി. ജില്ലാതല ശില്പശാലകൾ സംഘടിപ്പിക്കാനും ആലോചിക്കുന്നു.

മലേറിയ 2025, മന്ത് രോഗം 2027, കാലാ അസാർ 2026, ക്ഷയ രോഗം 2025 ഓടെ നിർമ്മാർജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പ് മുന്നോട്ട് പോകുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് ഉൾപ്പെടെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് രോഗനിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടക്കുന്നത്.

ജില്ലാതല ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച ശില്പശാല ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ ഉദ്ഘാടനം ചെയ്തു. ആരോഗ്യവകുപ്പ് ഡയറക്ടർ ഇൻ ചാർജ് ഡോ. വി. മീനാക്ഷി, അഡിഷണൽ ഡയറക്ടർ ഡോ. സക്കീന, എസ്.എച്ച്.എസ്.ആർ.സി. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വി .ജിതേഷ് എന്നിവർ സന്നിഹിതരായിരുന്നു.