സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ, പ്രോഗ്രാമുകളിൽ  ഒഴിവുള്ള സീറ്റുകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിന് പുതുതായി അപേക്ഷ ക്ഷണിച്ചു. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച് മാറ്റമോ ആഗ്രഹിക്കുന്നവർക്കും, പുതിയതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) പങ്കെടുക്കാം. പോളിടെക്‌നിക് കോളേജിൽ അഡ്മിഷൻ ലഭിച്ചിട്ടുള്ള അപേക്ഷകനാണെങ്കിൽ അഡ്മിഷൻ സ്ലിപ്പോ, ഫീസ് അടച്ച  രസീതോ ഹാജരാക്കിയാൽ മതിയാകും.

പുതുതായി ഡിപ്ലോമ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കുവാൻ താല്പര്യമുള്ളവരും (ടി സി ഒഴികെയുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം) 25/10/2022 നു രാവിലെ 11 മണിക്ക് മുൻപ്, താല്പര്യമുള്ള പോളിടെക്‌നിക് കോളേജിൽ എത്തിച്ചേരേണ്ടതാണ്. അത്തരം അപേക്ഷകരെ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തി റാങ്കിന്റെ ക്രമത്തിൽ പ്രവേശനം നടത്തും. അതിനു ശേഷവും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ടി സീറ്റുകൾ യോഗ്യരായ അപേക്ഷകരിൽ ആദ്യം വരുന്നവർക്ക്  ആദ്യം എന്ന അടിസ്ഥാനത്തിൽ പ്രവേശനം നൽകി അന്നേ ദിവസം വൈകിട്ട് 4.30 നു പ്രവേശന പ്രക്രിയ അവസാനിപ്പിക്കുന്നതാണ്. പുതുതായി അപേക്ഷ സമർപ്പിക്കുവാൻ താല്പര്യമുള്ളവർക്ക് നിലവിൽ ലഭ്യമായ ഒഴിവുകൾ പോളീടെക്‌നിക് കോളേജ് അടിസ്ഥാനത്തിൽ www.polyadmission.org എന്ന വെബ്‌സൈറ്റിലെ Vacancy Position എന്ന ലിങ്ക് വഴി മനസ്സിലാക്കാവുന്നതാണ്. അപേക്ഷകർ അത് പരിശോധിച്ച് ഒഴിവുകൾ ലഭ്യമായ പോളിടെക്‌നിക് കോളേജിൽ ഹാജരാകുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതും ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായി  പൊതു വിഭാഗങ്ങൾ 200 രൂപയും, പട്ടികജാതി/പട്ടിക വർഗ്ഗ വിഭാഗങ്ങൾ 100 രൂപയും നേരിട്ട് അതത് പോളിടെക്‌നിക് കോളേജിൽ അടയ്ക്കണം.