കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്ര വികസന ക്ഷേമ പദ്ധതികള്‍, ആസാദി കാ അമൃത് മഹോത്സവ് എന്നിവയെക്കുറിച്ച് ജില്ലയില്‍ സംഘടിപ്പിക്കുന്ന പൊതുജനസമ്പര്‍ക്ക പരിപാടികളുടെ ഭാഗമായി ദ്വിദിന ഫോട്ടോ പ്രദര്‍ശനവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരി നഗരസഭ ടൗണ്‍ ഹാളില്‍ നടന്ന ഫോട്ടോ പ്രദര്‍ശനം ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബോധവല്‍ക്കരണ പരിപാടി ബത്തേരി നഗരസഭ ചെയര്‍മാന്‍ ടി.കെ. രമേഷ് ഉദ്ഘാടനം ചെയ്തു.
വിവിധ സ്വയംതൊഴില്‍ പദ്ധതികള്‍, സുകന്യ സമൃദ്ധി യോജന, വനിതാ സംരക്ഷണം, സ്ത്രീകള്‍ക്കായുള്ള നിയമ സഹായങ്ങള്‍ എന്നീ വിഷയങ്ങളില്‍ പുത്തൂര്‍വയല്‍ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രം ഡയറക്ടര്‍ നിഥിന്‍ എസ് നാഥ്, പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റ് ഡവലപ്‌മെന്റ് ഓഫീസര്‍ എസ്. മിത്ര, സഖി വണ്‍സ്റ്റോപ് സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ബിന്റ വില്‍സണ്‍, ജില്ലാ വനിതാ സംരക്ഷണ ഓഫീസര്‍ മായ എസ് പണിക്കര്‍ തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.
ദ്വിദിന പ്രദര്‍ശനത്തിന്റെ ഭാഗമായി വിവിധ സര്‍ക്കാര്‍ സേവനങ്ങളെ പരിചയപ്പെടുത്താനായി പോസ്റ്റല്‍ ഡിപ്പാര്‍ട്‌മെന്റ്, ജില്ലാ ശുചിത്വ മിഷന്‍, ഗ്രാമീണ്‍ ബാങ്ക്, ഐ.സി.ഡി.എസ്, കുടുംബശ്രീ തുടങ്ങിയ വകുപ്പുകള്‍ സ്റ്റാളുകളൊരുക്കി. കോഴിക്കോട് ആസാദ് കലാ കേന്ദ്രവും ഐ.സി.ഡി.എസ്. പ്രവര്‍ത്തകരും അവതരിപ്പിച്ച കലാപരിപാടികളും, സ്വച്ഛ് ഭാരത് അഭിയാന്‍, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍, കരിയര്‍ ഗൈഡന്‍സ് എന്നീ വിഷയങ്ങളില്‍ ക്ലാസുകളും നടന്നു.
നഗരസഭ കൗണ്‍സിലര്‍ കെ.സി. യോഹന്നാന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ജംഷീര്‍ അലി, ശുചിത്വ മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. അനൂപ്, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ എം.വി. പ്രജിത്ത് കുമാര്‍, സി. ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.