ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായി ആലപ്പുഴ ജില്ല ഇൻഫർമേഷൻ ഓഫീസിൻറെ നേതൃത്വത്തില്‍ ഫ്‌ലാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചു. ചേര്‍ത്തല എസ്.എന്‍.എം.ബി.എച്. സ്‌കൂള്‍, തുമ്പോളി സെന്റ് തോമസ് ഹൈസ്‌കൂള്‍, അമ്പലപ്പുഴ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് തെരുവ് നാടകവും ഫ്ലാഷ് മോബും നടത്തിയത്.

വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗവും വിപണനവും തടയുന്നത് ലക്ഷ്യമിട്ടാണ് പരിപാടികൾ നടത്തിയത്. ലഹരി മാഫിയയെക്കുറിച്ചുള്ള പരാതികൾ അറിയിക്കാനുള്ള യോദ്ധാവ് മൊബൈൽ ആപ്ലിക്കേഷനും പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കും പരിചയപ്പെടുത്തി.

കേരള മീഡിയ അക്കാദമിയിലെ പബ്ലിക് റിലേഷൻസ്, ടെലിവിഷൻ ജേർണലിസം വിഭാഗങ്ങളിൽ നിന്നുള്ള 25 വിദ്യാര്‍ഥികളാണ് അധ്യാപിക വി.ജെ വിനീതയുടെ സഹായത്തോടെ ഫ്‌ളാഷ് മോബും തെരുവ് നാടകവും തയ്യാറാക്കി അവതരിപ്പിക്കുച്ചത്. ജില്ലയിൽ നടന്ന പരിപാടികൾക്ക് പബ്ലിക് റിലേഷൻസ് വകുപ്പ് മേഖല ഉപഡയറക്ടർ ചന്ദ്രഹാസൻ വടുതല നേതൃത്വം നൽകി.

സ്കൂളുകളിലും പൊതുഇടങ്ങളിലും ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തരും ചേർന്ന് വലിയ സ്വീകരണമാണ് ഒരുക്കിയത്. ലഹരി വിരുദ്ധ പ്രചരണ പരിപാടികളുടെ ഭാഗമായി ഒരു മാസക്കാലം നീണ്ടു നില്‍കുന്ന വിവിധ പരിപാടികളാണ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്നത്.