വയനാട് ജില്ലാ ഭരണകൂടവും ഹ്യൂമെയ്ന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ യും ആഭിമുഖ്യത്തില്‍ എം.ആര്‍.എസ് നല്ലൂര്‍നാടില്‍ ‘പ്രകൃതി ദുരന്തങ്ങളും വളര്‍ത്തു മൃഗങ്ങളും’ എന്ന വിഷയത്തില്‍ നടത്തിയ പോസ്റ്റര്‍ രചന മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ജില്ലാ കളക്ടര്‍ എ.ഗീത സമ്മാന വിതരണം നടത്തി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ജിതിന്‍രാജ്, പി ആനന്ദ്കൃഷ്ണ, പി ജെ അനുരാജ് എന്നിവരും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എം.ഡി. ആദിത്യന്‍, സി.ഉണ്ണികൃഷ്ണന്‍, അഭിനേഷ് രമേഷ് എന്നിവരുമാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടിയത്. ചടങ്ങില്‍ ഹ്യൂമെയ്ന്‍ സൊസൈറ്റി ഇന്‍ര്‍നാഷണല്‍ ഗ്ലോബല്‍ അനിമല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഡയറക്ടര്‍ കെല്ലി ഡോണിതന്‍, അനിമല്‍ റെസ്‌ക്യു ടീം വൈസ് പ്രസിഡന്റ് ആദം പരസ്‌കണ്ടോല എന്നിവര്‍ പ്രകൃതി ദുരന്തങ്ങളില്‍ വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. ഫിനാന്‍സ് ഓഫീസര്‍ എ.കെ ദിനേശന്‍, ഹ്യൂമെയ്ന്‍ സൊസൈറ്റി ഇന്റര്‍ നാഷണല്‍ ഇന്ത്യ ഹെഡ് സുമന്ത് ബുന്ദുമാധവ്, ക്യാമ്പെയ്ന്‍ മാനേജര്‍മാരായ എസ്. പ്രവീണ്‍, എ.കെ ജയ്ഹരി തുടങ്ങിയവര്‍ സംസാരിച്ചു. ദുരന്തനിവാരണ ക്ലബ്ബിലെ കുട്ടികളും പരിപാടിയില്‍ പങ്കെടുത്തു. വരും തലമുറയെ ദുരന്ത പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതിന് സജ്ജരാക്കുക എന്ന ഉദ്ദേശത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഹ്യൂമെയ്ന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റും വിതരണം ചെയ്തു.