ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ “പച്ചക്കുട” ക്ക് രൂപരേഖയായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ.ആർ.ബിന്ദു. നവംബർ 4 ന് കൃഷിമന്ത്രി പി .പ്രസാദ് പച്ചക്കുട ഉദ്‌ഘാടനം ചെയ്യും.
പദ്ധതിയുടെ നടത്തിപ്പിനായി “പച്ചക്കുട” സംഘാടക സമിതി രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇരിങ്ങാലക്കുട മണ്ഡലത്തിന്റെ വികസനത്തിൽ കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.
മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റിയേയും ഉൾപ്പെടുത്തി കാർഷികരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പച്ചക്കുട. പദ്ധതിയിലൂടെ ഇരിങ്ങാലക്കുടയുടെ ഭക്ഷ്യസ്വയം പര്യാപ്തതയാണ് ലക്ഷ്യമാക്കുന്നത്. ഭക്ഷ്യോത്പ്പന്നങ്ങളോടൊപ്പം ഔഷധസസ്യ കൃഷിയും പദ്ധതിയുടെ ഭാഗമാണ്. ഉൽപ്പാദനം വിപണനം എന്നിവയോടൊപ്പം അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഇതിയിലൂടെ നടപ്പാക്കും.
കോൾ നിലങ്ങളുടെ വികസനം, പഴം പച്ചക്കറി സംസ്ക്കരണം, പച്ചക്കറി കൃഷി വ്യാപനം, ഔഷധ സസ്യകൃഷി, ക്ഷീര കർഷകർക്ക് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന വിപണനത്തിനായി സംരംഭങ്ങൾ, കാർഷിക കർമ്മസേന, ജൈവ വളം നിർമ്മാണകേന്ദ്രങ്ങൾ, മൽസ്യം മാംസം എന്നിവയുടെ ഉൽപ്പാദനത്തിലെ സ്വയം പര്യാപ്തത എന്നിവയിലൂടെ തരിശുരഹിത ഇരിങ്ങാലക്കുട രൂപപ്പെടുത്തുകയാണ് പച്ചക്കുട പദ്ധതിയുടെ ലക്ഷ്യമെന്നും മന്ത്രി ബിന്ദു വ്യക്തമാക്കി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട എ ഡി എ എസ്. മിനി പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയ് ഘോഷ് , പഞ്ചായത്ത് പ്രസിഡന്റ് മാരായ ഷീജ പവിത്രൻ , സീമ പ്രേoരാജ്, ജോസ് ജെ ചിറ്റിലപ്പിള്ളി , കെ.എസ് തമ്പി , ലത സഹദേവൻ മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുരേഷ് വിവിധ വകുപ്പ് പ്രതിനിധികൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ സി.ഡി.എസ് ചെയർ പേഴ്സൺമാർഎന്നിവർ സംബന്ധിച്ചു.. വെള്ളാം ങ്ങല്ലൂർ കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ മുഹമ്മദ് ഹാരിസ് സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ നന്ദിയും പറഞ്ഞു .