കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിന്റെയും സംയുക്താഭിമുഖ്യത്തിൽ ‘വയലാറിന്റെ സർഗപ്രപഞ്ചം’ എന്ന വിഷയത്തിൽ ദ്വിദിന അന്തർദേശീയ സെമിനാർ സംഘടിപ്പിച്ചു. വയലാർ-ദേവരാജൻ, വയലാർക്കവിതയിലെ മാനവികത, പുരുഷാന്തരങ്ങളിലൂടെ ഒരു സഞ്ചാരം എന്നീ വിഷയങ്ങളിൽ മാർ ഇവാനിയോസ് കോളജിലെ മാർ ഗ്രിഗോറിയോസ് ഹാളിൽ നടന്ന സെഷനിൽ കാലിക്കറ്റ് സർവകലാശാല കേരള പഠനവിഭാഗം പ്രൊഫസർ ഡോ. ആർ.വി.എം ദിവാകരൻ, കേരള സർവകലാശാല ഓറിയന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മാനുസ്‌ക്രിപ്റ്റ് ലൈബ്രറി വകുപ്പ് മേധാവി ഡോ. ആർ.ബി. ശ്രീകല എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. എം.എസ്. മുരളി മോഡറേറ്ററായി. തുടർന്ന് വയലാർ ഗാനങ്ങളിലെ തത്വചിന്ത, വയലാർക്കവിത: പ്രബോധനത്തിന്റെ സൗന്ദര്യം എന്നീ വിഷയങ്ങളിൽ യഥാക്രമം ഗാന നിരൂപകനും ഗ്രന്ഥകാരനുമായ ടി.പി. ശാസ്തമംഗലം, കാസർഗോഡ് കേരള കേന്ദ്ര സർവകലാശാല മലയാളവിഭാഗം അസോ. പ്രൊഫസർ ഡോ. ചന്ദ്രബോസ് എന്നിവർ സംസാരിച്ചു. കേരള സർവകലാശാല മലയാളം വിഭാഗത്തിലെ ഡോ. ടി.കെ. സന്തോഷ്‌കുമാർ മോഡറേറ്ററായി.
