ഭിന്നശേഷി കുട്ടികൾക്കായി കുടുംബശ്രീ നടത്തിയ ബഡ്സ് സ്കൂളുകളുടെ കലോത്സവം മിഴി 2022 സമാപിച്ചു. ജില്ലയിലെ പതിനൊന്ന് ബഡ്സ് സ്കൂളുകളിൽ നിന്നായി നൂറിലധികം കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കലയുടെ സൗന്ദര്യം വിളിച്ചോതിയ കുട്ടികളുടെ കലാ പരിപാടികൾ ആസ്വാദകർക്ക് വേറിട്ട അനുഭവം പകർന്നു. പ്രച്ഛന്ന വേഷം, ലളിതഗാനം, മിമിക്രി, ഒപ്പന, നാടോടി നൃത്തം, നാടൻപാട്ട് തുടങ്ങി വിവിധ പരിപാടികളാണ് മാനന്തവാടി ഗവ. കോളേജിൽ അരങ്ങേറിയത്.
ഭിന്ന ശേഷി കുട്ടികളുടെ സർഗ്ഗ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാ കുടുംബശ്രീ മിഷൻ മാനന്തവാടി ഗവ. കോളേജിലെ ഭിന്ന ശേഷി കുട്ടികളുടെ ഇൻ്റേണൽ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. സർഗോത്സവത്തിൽ നാലാം തവണയും നൂറ്റി പതിനൊന്ന് പോയിൻ്റ് നേടി ബഡ്സ് പാരഡൈസ് തിരുനെല്ലി ചാമ്പ്യൻമാരായി. മുപ്പത്തി ഒന്ന് പോയിൻ്റ് നേടി ചിമിഴ് നൂൽപ്പുഴ ബഡ്സ് രണ്ടാം സ്ഥാനം നേടിയപ്പോൾ ഇരുപത്തിയേഴ് പോയിൻ്റ് നേടി നെന്മേനി ബി.ആർ.സി മൂന്നാമതെത്തി.
തിരുനെല്ലി ബഡ്സ് പാരഡൈസ് സ്കൂളിലെ ശ്രീലക്ഷ്മി ജൂനിയർ വിഭാഗത്തിലും അമയ അശോകൻ സീനിയർ വിഭാഗത്തിലും കലാ തിലകമായി. ജൂനിയർ വിഭാഗത്തിൽ കലാപ്രതിഭയായി തിരുനെല്ലി ബഡ്സ് പാരഡൈസിലെ ആരോൺ റോയ്, സീനിയർ വിഭാഗത്തിൽ നൂൽപ്പുഴ ബി.ആർ.സിയിലെ ഹരികൃഷ്ണൻ എന്നിവരെ തിരഞ്ഞെടുത്തു. പരിപാടിക്ക് ശേഷം തിടമ്പ് നാടൻ പാട്ട് കലാസംഘത്തിൻ്റെ പാട്ടരങ്ങും അരങ്ങേറി. വിജയികൾക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.