അട്ടപ്പാടി റോഡുകളുടെ ദീര്‍ഘകാലപ്രശ്‌നം പരിഹരിക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന ലക്ഷ്യമെന്ന് പൊതുമരാമത്ത് – ടൂറിസം – യുവജനക്ഷേമ വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.   ജില്ലയിലെ റോഡുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തന പുരോഗതി അവലോകനത്തിന് ശേഷം അട്ടപ്പാടി ഗസ്റ്റ് ഹൗസില്‍ നടന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത വിവിധ പ്രവൃത്തികളുടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ യോഗത്തില്‍ ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. യോഗത്തിലെടുത്ത തീരുമാനങ്ങളുടെ പുരോഗതി നവംബര്‍ പകുതിയോടെ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അട്ടപ്പാടിയിലെത്തി വിശകലനം ചെയ്യും. അറ്റകുറ്റ പണിയുള്‍പ്പെടെയുള്ളവ പൂര്‍ത്തിയാക്കുന്നതിന് സമയപരിധി തീരുമാനിച്ചിട്ടുണ്ട്. അതിനനുസരിച്ച് കാര്യങ്ങള്‍ നിര്‍വഹിക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ആദ്യ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ മണ്ണാര്‍ക്കാട് -ചിന്നതടാകം റോഡിലെ 8 കിലോമീറ്റര്‍ വരെയുള്ള പ്രവൃത്തി വേഗത്തിലാക്കാന്‍ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ടുള്ള കേസിന്റെ കാര്യങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും തീരുമാനമായി. രണ്ടാംഘട്ടം 8 മുതല്‍ 19 കിലോമീറ്റര്‍ വരെയുള്ള പ്രവര്‍ത്തനങ്ങളുടെ എസ്റ്റിമേറ്റ് നവംബര്‍ 15 നകം പൂര്‍ത്തിയാക്കും. 19 മുതല്‍ 52.6 കിലോമീറ്റര്‍ വരെയുള്ള മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഡിസംബറില്‍ തന്നെ കിഫ്ബി ബോര്‍ഡില്‍ അനുമതി നല്‍കാനാണ് തീരുമാനം. രണ്ടാമത്തെയും മൂന്നാമത്തെയും ഷെഡ്യൂളുകളുടെ അറ്റകുറ്റപണികള്‍  നവംബര്‍ രണ്ടിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു. ഡിസംബര്‍ 31 നകം പാച്ച് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കും. ഇതിനായി ചീഫ് എന്‍ജിനീയര്‍ പ്രസ്തുത മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. പ്രവര്‍ത്തനങ്ങള്‍ മന്ത്രിയുടെ ഓഫീസും ചീഫ് എന്‍ജിനീയറുടെ ഓഫീസും സമയബന്ധിതമായി പരിശോധിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയമിക്കും.

അട്ടപ്പാടി താവളം കുറവന്‍കണ്ടിയില്‍ തകര്‍ന്ന കലുങ്ക് പുന:സ്ഥാപിക്കുന്നതിന് എല്ലാ നടപടികളും പൂര്‍ത്തീകരിച്ചതായി കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടിവ് എന്‍ജീനിയര്‍ ജയ പറഞ്ഞു. റോഡിന്റെ ഒരു വശത്തെ ഗതാഗതം പുന:സ്ഥാപിച്ചു. അടുത്തത് ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും അവര്‍ പറഞ്ഞു. റോഡ് പ്രവര്‍ത്തികള്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കാന്‍  അട്ടപ്പാടിയില്‍ വീണ്ടും മന്ത്രി സന്ദര്‍ശിക്കും. ചുരം റോഡിലെ തകര്‍ന്ന ഒമ്പതാം വളവും മന്ത്രി സന്ദര്‍ശിച്ചു. റോഡുകള്‍ ശാസ്ത്രീയമായി നിര്‍മ്മിക്കുന്നതിനാണ് വകുപ്പ് പ്രാധാന്യം നല്‍കുന്നത്. കേരളത്തിലെ കാലാവസ്ഥ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ശാസ്ത്രീയമായി ഡിസൈന്‍ ചെയ്ത് നിര്‍മിച്ച റോഡുകള്‍ ഇല്ലായെങ്കില്‍ റോഡ് തകര്‍ച്ച നേരിടേണ്ടി വരും. ഈ വിഷയത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടാവുന്ന രീതി ഉറപ്പുവരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

യോഗത്തില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, അട്ടപ്പാടി ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡന്റ് മരുതി സുരേഷ്, അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണ്‍, ഷോളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ്  പി. രാമമൂര്‍ത്തി, പുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനില്‍ കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് നീതു, രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ സി.പി ബാബു, ടി.എം ശശി, കെ.ആര്‍.എഫ്.ബി, പ്രോജക്ട് ഡയറക്ടര്‍ ഡിങ്കി ഡിക്രൂസ്, സൂപ്രണ്ടിങ് എന്‍ജീനിയര്‍,  കെ.എ. ദീപു, കെ.ആര്‍.എഫ്.ബി എക്‌സിക്യൂട്ടിവ് എന്‍ജീനിയര്‍ ജയ, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.പി ജയശ്രീ, ഡിവിഷണല്‍ ഓഫീസ് എക്‌സിക്യൂട്ടിവ് വിനോദ്, എ.ഇ മുഹമ്മദ് റഫീക്ക് എന്നിവര്‍ പങ്കെടുത്തു.