പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്റര്‍ പെരിങ്ങോട്ടുകുറുശ്ശി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക പക്ഷാഘാത ദിനാചരണം ജില്ലാതല ഉദ്ഘാടനം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാ മുരളി നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് വിദ്യാര്‍ത്ഥിനികള്‍, അധ്യാപകര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍ എന്നിവര്‍ക്കായി ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ ആശുപത്രി ഫിസിഷ്യന്‍ ഡോ. ശ്രീറാം ശങ്കര്‍ നേതൃത്വം നല്‍കി. തലചുറ്റല്‍, ശരീരത്തിന്റെ സന്തുലനം നഷ്ടമാകല്‍, നിയന്ത്രണം നഷ്ടമാകുക, ശരീരത്തിന്റെ ഏതെങ്കിലും വശത്ത് തരിപ്പ്, ഒന്നും മനസ്സിലാക്കാന്‍ കഴിയാതെ വരിക, തലവേദന, ഓക്കാനം, ഛര്‍ദ്ദി, സുബോധം നഷ്ടമാകുക എന്നിവയാണ് പക്ഷാഘാതത്തിന്റെ പെട്ടെന്നുള്ള ലക്ഷണങ്ങള്‍.
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും ചികിത്സ ലഭ്യമാക്കുകയും വേണം. സമയം വളരെ പ്രധാനമാണ്. ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും സെമിനാറില്‍ ഡോ. ശ്രീറാം ശങ്കര്‍ പറഞ്ഞു. ജില്ലയില്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ മാത്രമാണ് പക്ഷാഘാതത്തിന് പ്രധാന ചികിത്സ നല്‍കുന്നത്. സെമിനാറില്‍ പക്ഷാഘാത ചികിത്സ സംബന്ധിച്ച് അവബോധവും നല്‍കി. പക്ഷാഘാതം സംഭവിച്ച അടിയന്തര ചികിത്സ നേടി രക്ഷപ്പെട്ടവരുടെ ജീവിത കഥകളും സെമിനാറില്‍ പങ്കുവെച്ചു.
പെരിങ്ങോട്ടുകുറിശ്ശി ജെ.പി.എച്ച്.എന്‍ ട്രെയിനിങ് സെന്ററില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.പി പൗലോസ് അധ്യക്ഷനായി. ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.ആര്‍ ശെല്‍വരാജ് ഗ്രാമപഞ്ചായത്ത് വാര്‍ഡംഗങ്ങളായ കെ.എം കേരളകുമാരി, വി. സുനിത, പെരിങ്ങോട്ടുകുറിശ്ശി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍, ട്രെയിനിങ് സെന്റര്‍ പ്രിന്‍സിപ്പാള്‍ ടി.എല്‍ ഷര്‍മ്മിള എന്നിവര്‍ സംസാരിച്ചു.