ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലാ – കായികമേള ‘വര്‍ണ്ണപ്പകിട്ട്’ കാണികളുടെ മനം നിറച്ചു. എല്ലാവിധ പരിമിതികളെയും മറികടന്ന് തങ്ങളുടെ കഴിവുകള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു കുരുന്നുകള്‍ കാഴ്ചവച്ചത്. വര്‍ണ പകിട്ടിന്റെ ഉദ്ഘാടനം വി.ജോയി എം.എല്‍.എ നിര്‍വഹിച്ചു. നിറഞ്ഞ സദസിനു മുന്നില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നതിന്റെ ആവേശത്തിലായിരുന്നു കുട്ടികള്‍. ഭിന്നശേഷിക്കാരായ മുപ്പത് കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. നാടോടി നൃത്തം, പ്രച്ഛന്നവേഷം, നാടന്‍ പാട്ട്, കസേരകളി എന്നിങ്ങനെ കുട്ടികള്‍ക്ക് വേണ്ടി വിവിധ കലാകായിക പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.
