വീട് വയ്ക്കാൻ സ്വന്തമായി സ്ഥലമില്ലാതെ പ്രയാസമനുഭവിച്ചവർക്ക് അത്താണിയായി വരിയട്ട്യാക്ക് നമ്പിടി പറമ്പത്ത് അയ്യൂബ് എന്ന 55 കാരൻ. ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ട ആറുപേർക്ക് സംസ്ഥാന സര്‍ക്കാരിന്റെ ‘മനസോട് ഇത്തിരി മണ്ണ്’ പദ്ധതിയുടെ ഭാഗമായി ആകെ 21 സെന്റ് സ്ഥലമാണ് നൽകിയത്. പദ്ധതിയിൽ ഉൾപ്പെടാത്ത മറ്റു നാലുപേർക്കും ഇദ്ദേഹം സ്ഥലം നൽകിയിട്ടുണ്ട്.

അരക്കോടി രൂപ ചെലവഴിച്ചു പൊയ്യയിൽ ഭാഗത്ത് 5 വർഷം മുൻപ് വാങ്ങിയ വാങ്ങിയ 33 സെന്റ് സ്ഥലമാണ് അയ്യൂബ് അർഹരായവർക്ക് ഭൂമി സൗജന്യമായി നൽ‌കിയത്. ഇതോടെ കുന്ദമംഗലം പഞ്ചായത്ത് പരിധിയിൽ സ്വന്തമായി വീടില്ലാത്തതു കാരണം വാടകവീട്ടിലും ബന്ധുവീടുകളിലുമായി താമസിച്ചിരുന്ന 10 കുടുംബങ്ങൾക്കാണ് വീടു വയ്ക്കാൻ അയ്യൂബ് സ്ഥലം നൽകിയത്.

സ്വന്തമായി വീടില്ലാത്ത ഒരു സ്ത്രീയുടെ ദുരിതം മനസ്സിലാക്കിയപ്പോഴാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്നു പറയുന്നു അയ്യൂബ്. വീടില്ലാതെ പ്രയാസപ്പെടുന്നവരെ കണ്ടെത്തുകയായിരുന്നു ആദ്യം ചെയ്തത്. അർഹരായവർക്ക് വാസസ്ഥലം ഒരുക്കുന്നതിനായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന് കുടുംബത്തിന്റെ പൂർണ്ണ പിന്തുണയും ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. അർഹരായ ഓരോ കുടുംബത്തിനും 3 സെന്റ് വീതമാണു നൽകിയത്. വീടുണ്ടെങ്കിലും മറ്റു അവശ്യ സൗകര്യങ്ങളില്ലാതെ പ്രയാസപ്പെടുന്ന ചിലരെയും സഹായിക്കണമെന്നുണ്ട്. ബാക്കി വരുന്ന സ്ഥലം കിണർ, വഴി തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കും. 10 കുടുംബങ്ങൾക്കും സ്ഥലത്തിന്റെ രേഖകൾ കൈമാറി.

അയൂബിന്റെ മാനുഷിക സ്നേഹം കാണാതെ പോകരുതെന്നും മറ്റുള്ളവർക്ക് ഇത് പ്രചോദനമാണെന്നും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ പറഞ്ഞു.