*വെള്ളായണി ദുരിതാശ്വാസ ക്യാമ്പിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 
അന്തേവാസികള്‍ക്കൊപ്പം ഓണസദ്യയുണ്ടു
കൂട്ടായ്മയുടെ കരുത്തുകൊണ്ട് കേരളം പ്രളയക്കെടുതിയുടെ ദുരിതങ്ങളെയെല്ലാം നേരിടുമെന്നും പുതിയൊരു കേരളം കെട്ടിപ്പടുക്കുമെന്നും സഹകരണ, ദേവസ്വം, വിനോദസഞ്ചാരവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  പ്രളയക്കെടുതിയില്‍ വീടുപേക്ഷിച്ച് വെള്ളായണി എം.എന്‍.എല്‍.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരെ ആശ്വസിപ്പിച്ചും സന്തോഷം പകര്‍ന്നും സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യാമ്പിലെ അന്തേവാസികളോട് കുശലം പറഞ്ഞും അവരുടെ വിനോദങ്ങള്‍ ആസ്വദിച്ചും അവരോടൊപ്പം സദ്യയുണ്ടും അന്തേവാസികള്‍ക്ക് അദ്ദേഹം ആശ്വാസം പകര്‍ന്നു.
മറക്കാനാവാത്ത ഒരു മഹാദുരന്തമാണ് സംഭവിച്ചത്. നൂറുകണക്കിനു ജീവനുകളും ആയിരക്കണക്കിനു ജനങ്ങളുടെ വീടും സമ്പാദ്യങ്ങളും ഈ പ്രളയം കവര്‍ന്നു. സംസ്ഥാനത്തൊട്ടാകെ പത്തുലക്ഷത്തില്‍ പരം സഹോദരങ്ങളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.
പട്ടാളക്കാര്‍ മുതല്‍ മത്സ്യത്തൊഴിലാളികള്‍വരെയും  ഐഎഎസുകാര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെയുമുള്ളവര്‍ കൈകോര്‍ത്ത് പ്രയത്നിച്ചതിനാലാണ് ദുരിതത്തിന്റെ വ്യാപ്തി കുറയ്ക്കാനായത്. ഇനി അതിജീവനത്തിന്റെ കാലമാണ്. തിരുവനന്തപുരം ജില്ലയില്‍ 64 ക്യാംപുകളുണ്ടായിരുന്നു. എന്നാലും  ജില്ലയില്‍നിന്ന് മറ്റു ജില്ലകളിലുള്ള ക്യാമ്പുകളിലേക്ക് 500 ലോഡിലേറെ അവശ്യസാധനങ്ങള്‍ അയയ്ക്കാന്‍ കഴിഞ്ഞു. സന്നദ്ധപ്രവര്‍ത്തനത്തില്‍ മുഴുകിയ യുവതീയുവാക്കള്‍ പുലര്‍ച്ചേ മൂന്നും നാലും മണിവരെ വിശ്രമമില്ലാതെ ജോലി ചെയ്യുകയായിരുന്നു. ചെറുപ്പക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും ഈ വലിയ മനസ്സ് സംസ്ഥാത്തിന് അഭിമാനമാണ്. പരസ്പര സ്നേഹവും സാഹോദര്യവും ഉയര്‍ന്നുകണ്ട അനുഭവമായിരുന്നു അതെന്നും മന്ത്രി ഓര്‍മിച്ചു.
  29 കുടുംബങ്ങളില്‍ നിന്നുള്ള 82 പേരാണ് ഇപ്പോള്‍ വെള്ളായണിയിലെ ക്യാമ്പിലുള്ളത്. തിരുവോണക്കാലത്ത് വീട്ടില്‍ നിന്ന് പുറത്ത് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയേണ്ടിവന്നത് സങ്കടകരമായിരുന്നെങ്കിലും ഇവിടെ ആ ദുഃഖം അനുഭവപ്പെട്ടില്ലെന്ന് അന്തേവാസികള്‍ പറഞ്ഞു. ക്യാമ്പിലെ അനുഭവങ്ങള്‍ മനസ്സിന് കരുത്ത് പകരുന്നതായിരുന്നു. സന്നദ്ധപ്രവര്‍ത്തകരും ജനപ്രതിനിധികളും എപ്പോഴും ഒപ്പമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.
കല്ലിയൂര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുനിത, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഏലിയാസ്, വെള്ളായണി പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അജേഷ്, നേമം ബ്ലോക്ക് ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സുശീല്‍കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജേക്കബ് വര്‍ഗീസ്, ഉദയന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ലത, ആശാപ്രവര്‍ത്തകരായ സുജ, രാജപ്രിയ എന്നിവര്‍ 24 മണിക്കൂറും അന്തേവാസികളുടെ മാനസിക, ശാരീരിക ആരോഗ്യത്തില്‍ ബദ്ധശ്രദ്ധരായി പ്രവര്‍ത്തിച്ചു. കുടിവെള്ളവും ഭക്ഷണവും ശുദ്ധമാണെന്ന് ഉറപ്പുവരുത്തുന്ന പരിശോധനകള്‍ സമയാസമയങ്ങളില്‍ നടത്തിയും കൊതുകു നിവാരണത്തിന് ഫോഗിങ് നടത്തിയും അന്തേവാസികളുടെ ശാരീരിക പ്രശ്നങ്ങള്‍ക്കു പ്രതിവിധി നല്‍കിയുമുള്ള ആരോഗ്യപ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് കഴിഞ്ഞ ദിവസം ക്യാമ്പിലെത്തിയ ലോകാരോഗ്യ സംഘടനാ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടിരുന്നു. കല്ലിയൂര്‍ വില്ലേജ് ഓഫീസര്‍ ബിജുവിന്റെ നേതൃത്വത്തിലാണ് ക്യാമ്പിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
കല്ലിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയലക്ഷ്മി, വാര്‍ഡ് അംഗം സന്ധ്യ, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പം ക്യാമ്പില്‍ എത്തിയിരുന്നു.