ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാനും പഠനത്തിനുമായി എത്തിയ കേന്ദ്ര സംഘം മടങ്ങി. മടങ്ങുന്നതിന് മുന്‍പായി കളക്ടറേറ്റിലെത്തി ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയുമായി സംഘം പ്രത്യേക ചര്‍ച്ച നടത്തി.
പക്ഷിപ്പനിയുടെ വ്യാപനം തടയല്‍, കേന്ദ്ര മാനദണ്ഡപ്രകാരം പക്ഷികളെ കൊന്ന് നശിപ്പിക്കല്‍, ശേഷമുള്ള ശുചീകരണം, പൊതു വിപണിയില്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായാണ് ജില്ലയില്‍ നടത്തിയതെന്ന് സംഘം വിലയിരുത്തി. ഇതിനായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിച്ചു.
പക്ഷിപ്പനി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പ്രത്യേകമായി ശ്രദ്ധപതിപ്പിക്കേണ്ട കാര്യങ്ങളും ഭാവിയില്‍ രോഗം വരാതിരിക്കാനുമുള്ള നടപടികളും ചര്‍ച്ച ചെയ്തു. പകര്‍ച്ച ഒഴിവാക്കാനുള്ള നടപടികള്‍ സംബന്ധിച്ച് താറാവ് കര്‍ഷകര്‍ക്ക് പ്രത്യേകം ബോധവത്കരണ ക്ലാസ് നടത്തും. ഈ ക്ലാസില്‍ പങ്കെടുത്തവര്‍ക്ക് മാത്രമേ പഞ്ചായത്തില്‍ നിന്നുള്ള ലൈസന്‍സ് ഇനി മുതല്‍ നല്‍കുവെന്ന് നിര്‍ദ്ദേശിക്കുമെന്ന് കളക്ടര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് ആവശ്യമെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം പ്രത്യേക ഉത്തരവ് ഇറക്കുന്നതും പരിശോധിക്കും. താറാവുകളില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കും. ഇതില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നിയമ നടപടി ഉള്‍പ്പടെ സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
ബംഗളൂരുവിലെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ മേഖല ഓഫീസിലെ സീനിയര്‍ റീജിണല്‍ ഡയറക്ടര്‍ ഡോ. രാജേഷ് കെദാമണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയിലെത്തിയത്. യോഗത്തില്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം, ഡി.എം.ഒ. (ആരോഗ്യം) ഡോ. ജമുന വര്‍ഗീസ്, ജില്ല മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡി.എസ്. ബിന്ദു എന്നിവരും പങ്കെടുത്തു.