ഭരണഭാഷ പൂർണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനുവേണ്ടി സർക്കാർ വിവിധ പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നവംബർ 1 മലയാള ദിനമായും, നവംബർ 1 മുതൽ 7 വരെ ഭരണഭാഷാവാരമായും ആഘോഷിക്കുന്നുണ്ട്. അതിനോടനുബന്ധിച്ച് നിയമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മലയാള ദിനാഘോഷം നവംബർ നാലിന് ഉച്ചയ്ക്ക് 3ന് സെക്രട്ടേറിയറ്റിലെ അനക്സ് 2 ലെ ശ്രുതിഹാളിൽ നടക്കും. നിയമം, വ്യവസായം കയർ വകുപ്പ് മന്ത്രി പി. രാജീവ് മുഖ്യപ്രഭാഷണം നടത്തും. അന്നേ ദിവസം 11 മണിക്ക് സെക്രട്ടേറിയറ്റിലെ പൊതുഭരണം, ധനം, നിയമവകുപ്പുകളിലെ ജീവനക്കാർക്കായി തത്സമയ പരിഭാഷാ മത്സരം സംഘടിപ്പിക്കും.