പ്രളയക്കെടുതിയിലെ രക്ഷാപ്രവർത്തനത്തിൽ വ്യോമസേനയുടെ സേവനങ്ങൾക്ക് ഊർജംകൂട്ടിയത് മലയാളിക്കരുത്ത്. ജീവൻ രക്ഷിക്കാനുള്ള നടപടികൾക്ക് മുൻഗണന നൽകി ആവശ്യമറിഞ്ഞുള്ള രക്ഷാപ്രവർത്തനമാണ് വ്യോമസേന നടത്തിയത്. 
കേരളത്തിൽ പൊതുവേ ഇത്തരം രക്ഷാപ്രവർത്തനങ്ങൾ മുമ്പ് അധികം വേണ്ടിവന്നിട്ടില്ലാത്തതിനാൽ വിവിധ സ്ഥലങ്ങളിൽനിന്ന് എത്തുന്ന ഉദ്യോഗസ്ഥർക്കും പൈലറ്റുമാർക്കും പ്രാദേശികമായി മുന്നേറാനും രക്ഷാപ്രവർത്തനം സുഗമമാക്കാനും ഏറെ സഹായമായത് ഈ മലയാളി ഉദ്യോഗസ്ഥരുടെ വിന്യാസമാണ്. ഇതിനൊപ്പം സംസ്ഥാന സർക്കാർ, ജില്ലാ ഭരണകൂടം എന്നിവരുടെ നിർദേശങ്ങളും പിന്തുണയും രക്ഷാപ്രവർത്തനത്തിന് കരുത്തായി.
രക്ഷാപ്രവർത്തനത്തിനിടെ മലയാളികളുടെ സമചിത്തതയും പരസ്പരസ്‌നേഹവും വ്യക്തമാകുന്ന അനുഭവങ്ങളാണ് തങ്ങൾക്കുണ്ടായതെന്ന് വ്യോമസേനാ ഉദ്യോഗസ്ഥർ പറയുന്നു. സന്നദ്ധപ്രവർത്തകരുടെ സാന്നിധ്യവും സർക്കാർ സംവിധാനങ്ങളുടെ സഹകരണവും അവർ അടയാളപ്പെടുത്തുന്നുമുണ്ട്.
ഗ്രൂപ്പ് ക്യാപ്റ്റൻ ജീൻ ജോസഫ്, ഫ്‌ളൈറ്റ് ലഫ്റ്റനൻറ് ജോസഫ് കോശി, സ്‌ക്വാഡ്രൻ ലീഡർ അൻഷാ വി. തോമസ് എന്നിവരും കൊച്ചിയിൽ സ്‌ക്വാഡ്രൻ ലീഡർ വിനോദ്, മലപ്പുറത്ത് സക്കറിയ, തൃശൂരിൽ റോസ് ചന്ദ്രൻ എന്നിവരും രക്ഷാപ്രവർത്തനത്തിനും ഏകോപനത്തിനുമായി രംഗത്തുണ്ടായിരുന്നു. ഇതിനൊപ്പം സംസ്ഥാനസർക്കാരിന്റെ സ്്‌റ്റേറ്റ് എമർജൻസി ഓപ്പറേറ്റിംഗ് സെൻററിൽ വ്യോമസേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിംഗ് കമാൻറർ എം.എസ്. മാത്യുവുമുണ്ടായിരുന്നു. 
രക്ഷാപ്രവർത്തനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ടാസ്‌ക് ഫോഴ്‌സ് കമാൻഡറായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ ജീൻ ജോസഫ്. തൃശൂർ സ്വദേശിയായ അദ്ദേഹത്തിന്റെ 40 വർഷത്തോളമുള്ള സേവനത്തിനിടയിലെ അഞ്ചാമത്തെ എച്ച്.എ.ഡി.ആർ (ഹ്യുമാനിറ്റേറിയൻ അസിസ്റ്റൻസ് ആൻഡ് ഡിസാസ്റ്റർ റിലീഫ്) ദൗത്യമാണിത്. കൊച്ചി നേവൽ ബേസിൽ കൺട്രോൾ റൂമിലിരുന്നുകൊണ്ട് ആവശ്യങ്ങൾ ലഭിക്കുന്നതിനനുസരിച്ച് ഹെലികോപ്്റ്ററുകളെയും രക്ഷാസംഘത്തെയും ടെക്‌നീഷ്യൻമാരെയും വിന്യസിക്കുകയായിരുന്നു ജീനിന്റെ ചുമതല. 
വ്യോമസേനയുടെ വലിയ ഹെലികോപ്റ്ററുകൾക്ക് പുറമേ, അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററുകളും ഉപയോഗിച്ചിട്ടുണ്ട്. കാലാവസ്ഥയുടേയും ഭൂപ്രകൃതിയുടേയും പരിമിതികൾ മറികടക്കുന്ന രീതിയിൽ പരമാവധിപേർക്ക് രക്ഷയെത്തിക്കാനായി. പാലക്കാട് നെല്ലിയാമ്പതി മേഖലയിലുള്ള രക്ഷാപ്രവർത്തനം നെൻമാറ എൻ.എസ്.എസ് കോളേജ് ഗ്രൗണ്ട് ക്യാമ്പാക്കി നടത്തുകയായിരുന്നു.
കെടുതിയിൽപ്പെട്ട് രക്ഷക്കായി കേഴുമ്പോഴും സമചിത്തയോടെ ആവശ്യമറിഞ്ഞ് കൂടുതൽ ദുരിതത്തിൽപ്പെട്ടവരെ സഹായിക്കാനുള്ള വലിയ മനസും നൻമയുമാണ് മലയാളികൾ കാട്ടിയതെന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ ജീൻ ജോസഫ് പറയുന്നു. ഹെലികോപ്റ്ററുകൾ രക്ഷിക്കാനെത്തുമ്പോൾ രണ്ടാംനിലയുടെ മുകളിൽ നിൽക്കുന്നവർ സ്വയം രക്ഷപ്പെടാൻ ശ്രമിക്കുന്നതിന് പകരം കൂടുതൽ രക്ഷ ആവശ്യമുള്ള ഒരുനിലയിലുള്ള വീടുകളിലും മറ്റും നിൽക്കുന്നവരെ കാണിച്ചുതരികയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
ചെങ്ങന്നൂരിൽനിന്നുകൊണ്ടു ആലപ്പുഴ മേഖലയിലെ ദൗത്യങ്ങൾക്ക് ഏകോപനം നൽകിയത് ഇടുക്കി പഴയരിക്കണ്ടം സ്വദേശിനി സ്‌ക്വാഡ്രൻ ലീഡർ അൻഷാ വി. തോമസാണ്. കൂടുതൽ കെടുതികളുള്ള മേഖലയിൽ രക്ഷാപ്രവർത്തനം മാത്രമല്ല, ഭക്ഷണവിതരണം, മറ്റ് സാമഗ്രികൾ എത്തിക്കൽ തുടങ്ങിയ വായുസേനയുടെ സഹായങ്ങളും ജില്ലാ ഭരണകൂടത്തിനൊപ്പവും പോലീസിനൊപ്പവും ഏകോപനത്തോടെ വേഗത്തിൽ നിർവഹിക്കാൻ ഈ യുവ ഓഫീസർക്കായി.
ചെങ്ങന്നൂരിൽ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയതിനാൽ ആ മേഖലയുമായുള്ള പരിചയവും പഴയ കൂട്ടുകാരുമായുള്ള ബന്ധവും രക്ഷാപ്രവർത്തനം സുഗമമാക്കാൻ അൻഷയെ സഹായിച്ചു. അയ്യപ്പാ കോളേജിലെ പെൺകുട്ടികളെ രക്ഷിച്ച അനുഭവങ്ങളും അൻഷ ഓർത്തെടുത്തു.
പത്തനംതിട്ട ജില്ലയിലെ ചുമതലയിൽ ഉണ്ടായിരുന്ന ഫ്‌ളൈറ്റ് ലഫ്റ്റനൻറ് ജോസഫ് കോശി പത്തനംതിട്ട കൈപ്പട്ടൂർകാരനാണ്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അത്യാഹിത വിഭാഗത്തിൽ ഓക്‌സിജൻ സിലിണ്ടറുമായുണ്ടായിരുന്ന ഏഴു രോഗികളെ സാഹസികമായി രക്ഷിച്ചതിന് ജോസഫിന്റെ സജീവനേതൃത്വമുണ്ടായിരുന്നു. കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടുകൂടി ഇവരെയും നഴ്‌സിംഗ് വിദ്യാർഥികളെയും രക്ഷിക്കാനായി. അത്യാവശ്യ സാമഗ്രികൾ ഒരു വാട്ടർ ടാങ്ക് പൊളിച്ച് അതിനുള്ളിലാക്കി സന്നദ്ധപ്രവർത്തകരുടെ ഉൾപ്പെടെ സഹായത്തോടെ മാറ്റാനായതും ജോസഫ് ചൂണ്ടിക്കാട്ടി. തങ്ങൾ രക്ഷിച്ച് കോട്ടയത്തെ ആശുപത്രിയിലെത്തിച്ച രോഗികൾ സുഗമായിരിക്കുന്നുവെന്ന് കഴിഞ്ഞദിവസം അറിഞ്ഞപ്പോഴാണ് ദൗത്യനിർവഹണത്തിന്റെ യഥാർഥ ചാരിതാർഥ്യം ലഭിച്ചതെന്ന് ജോസഫ് പറയുന്നു. പ്രാദേശിക ബന്ധത്തോടെ രക്ഷാപ്രവർത്തനത്തിന്റെ മേഖലയും സാധ്യതകളും മനസിലാക്കിയുള്ള ഇടപെടൽ കൂടുതൽ കാര്യക്ഷമതയ്ക്ക് വഴി വെച്ചതായി അദ്ദേഹം പറയുന്നു. 
99 വയസുള്ള മുത്തശ്ശിയെ എയർലിഫ്റ്റ് ചെയ്തു രക്ഷിച്ച അനുഭവവും മറക്കാനാകാത്തതാണ്. ഭക്ഷണം കുറവായിരുന്ന സമയത്ത്, നിങ്ങൾ ഭക്ഷണം കഴിച്ചോ, നിങ്ങളേപ്പോലുള്ളവരാണ് ഭക്ഷണം കഴിക്കേണ്ടത് എന്നാണ് സ്‌നേഹത്തോടെ മുത്തശ്ശി പറഞ്ഞതെന്ന് ജോസഫ് ഓർക്കുന്നു.
സ്‌ക്വാഡ്രൻ ലീഡർമാരായ വിനോദ്, റോസ് ചന്ദ്രൻ, സക്കറിയ എന്നിവർ യഥാക്രമം കൊച്ചിയിലും തൃശൂരും മലപ്പുറത്തുമുണ്ടായിരുന്നു. എന്നാൽ താരതമ്യേന തൃശൂർ, മലപ്പുറം എന്നിവിടങ്ങളിൽ ദുരിതം കുറവായിരുന്നു.
തിരുവനന്തപുരത്തെ സ്‌റ്റേറ്റ് എമർജൻസി ഓപറേഷൻസ് സെൻററിൽ സംസ്ഥാന സർക്കാരിന്റെ നിർദേശങ്ങൾ സ്വീകരിക്കുകയും വ്യോമസേനയുടെ സഹായങ്ങൾ ആവശ്യാനുസരണം എത്തിക്കാൻ നേതൃത്വം നൽകുകയുമാണ് വിംഗ്  കമാൻറർ എം.എസ്. മാത്യൂവിന്റെ ചുമതല. സംസ്ഥാന സർക്കാരിന്റെ ദൈനദിന അവലോകന യോഗങ്ങളിൽ ലഭ്യമാകുന്ന നിർദേശങ്ങൾക്കനുസരിച്ച് പരമാവധി സജ്ജീകരണങ്ങളും ഹെലികോപ്റ്ററുകളും സഹായങ്ങളും രക്ഷാപ്രവർത്തനവും നടത്താനായാതായി അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്തെ വ്യോമസേനാ ആസ്ഥാനത്താണ് ജീൻ ജോസഫിന്റെ പ്രവർത്തനമേഖല. കോയമ്പത്തൂർ സൂളൂർ ബേസിൽനിന്നാണ് ജോസഫ് കോശിയും അൻഷ വി. തോമസും രക്ഷാദൗത്യത്തിന് നിയോഗിക്കപ്പെട്ടത്. സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണകൂടങ്ങളുടെയും കാര്യക്ഷമമായ ഇടപെടലുകളും നിർദേശങ്ങളും അനുസരിച്ച് വിവിധ സേനകൾക്കൊപ്പം വ്യോമസേന മികച്ച പ്രവർത്തനം നടത്താനായതിന്റെ ചാരിതാർഥ്യത്തിലാണ് ഈ മലയാളിസംഘം