ആലപ്പുഴ: വെള്ളം കയറിയ വീടുകളിലും സ്ഥാപനങ്ങളിലും പ്രവേശിക്കുന്നതിന് മുൻപ് വൈദ്യുത സുരക്ഷ ഉറപ്പുവരുത്തണമെന്ന് കെ.എസ്.ഇ .ബി ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിൾ .വീടിന്റെ പരിസരങ്ങളിൽ ലൈൻ കമ്പി,സർവീസ് വയർ,എർത്ത് കമ്പി എന്നിവ പൊട്ടികിടക്കുന്നതോ, താഴ്ന്നു കിടക്കുന്നതോ കണ്ടാൽ ഉടൻതന്നെ കെ എസ് ഇ ബി ഓഫീസിൽ വിവരം അറിയിക്കണമെന്നും അവർ അറിയിച്ചു. വീടുകളിലേക്ക് മടങ്ങുമ്പോൾ മീറ്റർ ബോർഡിലെ  ഫ്യൂസ് ഊരിയ ശേഷം മെയിൻ സ്വിച്ച് ഓഫാക്കണം.  തുടർന്ന്  ഇ എൽ സി ബി,സോളാർ, ഇൻവെർട്ടർ എന്നിവ ഉണ്ടെങ്കിൽ അത് ഓഫാക്കണം.
മെയിൻ സ്വിച്ച് ഓണാക്കുന്നതിനു മുൻപ് അടുത്തുള്ള എർത്ത് കമ്പി പൊട്ടിയിട്ടില്ല എന്ന് ഉറപ്പ് വരുത്തണം. സ്വിച്ച് ബോർഡിന് മുകളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ ഒരു വയർമാനെകൊണ്ട് പരിശോധിപ്പിക്കുക. മീറ്റർ, എം സി ബി, സ്വിച്ചുകൾ എന്നിവ സുരക്ഷിതമല്ല എന്ന് തോന്നിയാൽ മാറ്റണം.കേബിളിൽ വെള്ളംകയറി കേടു പറ്റിയിട്ടില്ല എന്ന് ഉറപ്പു വരുത്തണം.
ടി വി,ഫ്രിഡ്ജ്,വാഷിങ് മെഷീൻ, മിക്‌സി, തേപ്പുപെട്ടി തുടങ്ങിയ പ്ലഗ്ഗിൽ ഘടിപ്പിച്ച വൈദ്യുത ഉപകരണങ്ങൾ,എക്സ്റ്റൻഷൻ കോഡ്, മറ്റ്  താൽകാലിക വയറിങ്ങുകൾ എന്നിവ പൂർണ്ണമായും വിച്ഛേദിക്കുക.ഡിസ്ട്രിബ്യുഷൻ ബോക്സ്(ഡി ബി)ഓഫ് ചെയ്തതിനു ശേഷം ഇ എൽ സി ബി ടെസ്റ്റ് ബട്ടൺ അമർത്തി ഓഫാകുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക .ഓഫാകുന്നില്ലെങ്കിൽ ഉടൻ ഒരു വയർമാന്റെ സഹായം തേടണം.
മെയിൻ സ്വിച്ച് ഓണാക്കിയത്തിന് ശേഷം എം സി ബികൾ,സ്വിച്ചുകൾ എന്നിവ ഓരോന്നായി ഓൺചെയ്തു നോക്കണം.വെള്ളത്തിൽ മുങ്ങിയ വൈദ്യുത ഉപകരണങ്ങൾ വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷമേ പ്ലഗ്ഗിൽ ഘടിപ്പിക്കാവു.മേൽ പറഞ്ഞ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും ഏത് സഹായത്തിനും കെ എസ് ഇ ബി ജീവനക്കാർ, പ്രാദേശിക ഭരണകൂടം എന്നിവരെ സമീപിക്കണം.9496061061,9188241912,9188241913 എന്നീ നമ്പറുകളിൽ വിളിച്ച് പരാതി അറിയിക്കാം.