വയനാട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഹൈടെക് ലബോറട്ടറി മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അദ്ധ്യക്ഷ നായി. മൃഗസംരക്ഷണ മേഖലയെ ശക്തിപ്പെടുത്തു ന്നതിനായി എല്ലാ ബ്ലോക്കുകളിലും മൃഗ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന തലത്തിൽ നടപ്പാക്കിയ ടെലിവെറ്റിറിനറി യൂണിറ്റ് സംവിധാനവും വ്യാപിപ്പിക്കും. മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതികൾ അഭിനന്ദനാർ ഹമാണെന്ന് മന്ത്രി പറഞ്ഞു.

മൃഗങ്ങളുടെ ആരോഗ്യത്തെയും ഉല്‍പാദനത്തെയും ബാധിക്കുന്ന രോഗങ്ങൾ കണ്ടെത്തുക, ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജന്തുജന്യ രോഗ നിര്‍ണ്ണയ സംവിധാനം ശക്തിപ്പെടുത്താനായി ജില്ലാ പഞ്ചായത്ത് ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് ജില്ലാ മൃഗാശുപത്രിയിൽ ലബോറട്ടറി സ്ഥാപിച്ചത്. ഓട്ടോമാറ്റിക് ആര്‍. എന്‍. എ എക്‌സ്ട്രാക്ടര്‍, ആര്‍.ടി.പി.സി. ആര്‍, ഹൈ ഡെഫനീഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ , ഡിജിറ്റല്‍ എക്സറേ മെഷീന്‍, ബയോ സേഫ്റ്റി കാബ് എന്നീ അത്യാധുനിക ഉപകരണങ്ങൾ ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഓട്ടോമാറ്റിക് ആര്‍ എന്‍ എ എക്‌സ്ട്രാക്ടര്‍ 36 ലക്ഷം, ആര്‍ ടി പി സി ആര്‍ മെഷീന്‍ 15 ലക്ഷം, ഹൈ ഡെഫനീഷന്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ 18 ലക്ഷം, ഡിജിറ്റല്‍ എക്സറേ മെഷീന്‍ 18 ലക്ഷം, ബയോ സേഫ്റ്റി കാബ് 5.25, ചുറ്റുമതിൽ 15 ലക്ഷം എന്നിങ്ങനെ ആകെ1.07 കോടി രൂപയാണ് പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് ചെലവിട്ടത്.

ചടങ്ങിൽ ആശുപത്രി ചുറ്റുമതിലിന്റെ പ്രവർത്തി ഉദ്ഘടനവും ആഫ്രിക്കൻ പന്നിപ്പനി മൂലം ഉന്മൂലനം ചെയ്യപ്പെട്ട പന്നികളുടെ ഉടമസ്ഥർക്കുള്ള ധനസഹായ വിതരണം മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു. പൂതാടി ഗ്രാമ പഞ്ചായത്തിലെ പന്നി കർഷകരായ ഇ.ടി തോമസ് , പി.ടി ഗിരീഷ് എന്നിവർക്കാണ് നഷ്ട പരിഹാര തുക നൽകിയത്. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.സീന ജോസ് പല്ലൻ റിപ്പോർട്ട് അവതരിപ്പിച്ചു.
അഡ്വ.ടി.സിദ്ധിഖ് എം.എൽ.എ, കൽപ്പറ്റ നഗരസഭ ചെയർമാൻ മുജീബ് കേയംതൊടി, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ നസീമ, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാ തമ്പി, ക്ഷേമകാര്യ സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, പൊതുമരാമത്ത് സ്റ്റാൻൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന ജോസ്, കേരളാ സ്‌റ്റേറ്റ് പോൾട്രി ഡെവലപ്മെൻറ് കോർപറേഷൻ ചെയർമാൻ പി.കെ മൂർത്തി ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സുരേഷ് താളൂർ, മീനാക്ഷി രാമൻ, കെ.വിജയൻ , കൽപ്പറ്റ നഗരസഭ വാർഡ് കൗൺസിലർ കമറുദ്ദീൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.സി മജീദ്, മൃഗ സംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.കെ.ജയരാജ് തുടങ്ങിയവർ സംസാരിച്ചു.